
പാലക്കാട്: ദുരഭിമാനക്കൊലയുടെ ഇരയായിരുന്നു ഇലമന്ദം കൊല്ലത്തറയില്‍ അനീഷ്. ഇതരസമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്‍റെ പേരില്‍ 2020 ഡിസംബർ 25ന് അനീഷ് കൊല്ലപ്പെട്ടു. ജീവിതത്തില്‍ അനീഷിന്‍റെ പങ്കാളി ഹരിത ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടലിലും ഒരു തരി ആശ്വാസമാകാന്‍ ഒരു പക്ഷേ സര്‍ക്കാറിന്‍റെ സഹായധനം ഹരിതയെ സഹായിച്ചേക്കാം. ഇതര സമുദായത്തിൽ നിന്നും വിവാഹം ചെയ്തതിന്‍റെ പേരില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ തേങ്കുറുശ്ശിയിൽ ഇലമന്ദം കൊല്ലത്തറയിൽ അനീഷിന്‍റെ ഭാര്യ ഹരിതയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പത്തുലക്ഷം രൂപയാണ് അനുവദിച്ചത്.
അനീഷിന്‍റെ കൊലപാതകം നടക്കുമ്പോൾ ബിബിഎ രണ്ടാം സെമസ്റ്ററിന് പഠിക്കുകയായിരുന്നു ഹരിത. നിലവില്‍ കോഴ്സ് പൂര്‍ത്തിയാക്കി. അനീഷിന്‍റെ രക്ഷിതാക്കൾക്കൊപ്പമാണ് ഇപ്പോള്‍ ഹരിതയുടെ ജീവിതം. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ ധനസഹായത്തിന് ഹരിതയെ ആദ്യം പരിഗണിച്ചിരുന്നില്ല. ഇത് പിന്നീട് വാര്‍ത്തയായപ്പോള്‍ ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനന്‍റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്.
ഇലമന്ദം കുമ്മാണി പ്രഭുകുമാറിന്‍റെ മകൾ ഹരിതയെയായിരുന്നു അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നാലെ 2020 ഡിസംബർ 25 ന് വൈകീട്ട് മാനാംകുളമ്പിന് സമീപത്തുവച്ച് അനീഷിനെ വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തി. കേരളത്തില്‍ ഏറെ വിവാദമായ ഈ ദുരഭിമാനക്കൊല അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഹരിതയുടെ പിതാവ് തേങ്കുറുശി കുമ്മാണി പ്രഭുകുമാർ , അമ്മാവൻ കെ.സുരേഷ്കുമാർ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
സാമ്പത്തികമായും താഴ്ന്ന അനീഷ് ഇതര സമുദായത്തില്‍പ്പെട്ടയാളായിരുന്നു. സാമ്പത്തികമായും ഉയര്‍ന്ന സ്ഥിതിയിലുള്ള പ്രഭുകുമാറിന് തന്‍റെ മകളെ അനീഷ് വിവാഹം ചെയ്തത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ നിന്നുമാണ് അനീഷിന്‍റെ കൊലയില്‍ കലാശിച്ചതെന്ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് പിന്നാലെ ഹരിതയെ സന്ദര്‍ശിച്ച മന്ത്രിമാരും ജനപ്രതിനിധികളും ഹരിതയ്ക്ക് ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ വിവാഹം നിയമപരമാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് നിഷേധിച്ചു. ഇതോടെ ഇക്കാര്യം വാര്‍ത്തയാവുകയും കെ ഡി പ്രസേനന്‍ എംഎഎ ഇടപെടുകയുമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇടപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര ദുരിത നിവാരണ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചത്.
കൂടുതല്‍ വായനയ്ക്ക്: ദുരഭിമാനക്കൊല: പോലീസിന് വീഴ്ച ഉണ്ടായിട്ടില്ല, അലംഭാവം ഉണ്ടായെങ്കിൽ അന്വേഷിക്കും: എകെ ബാലൻ
കൂടുതല്‍ വായനയ്ക്ക്: തേങ്കുറിശ്ശി ദുരഭിമാനക്കൊല; പൊലീസിനെതിരായ ആരോപണവും പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി
കൂടുതല്‍ വായനയ്ക്ക്: പാലക്കാട് ദുരഭിമാനക്കൊല; ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമെന്ന് അനീഷിന്‍റെ അച്ഛൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam