
കൊച്ചി: ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ കടുത്ത ആശങ്കയുമായി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റർ ചെയ്തത്. ഇത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി, ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ചോദിച്ചു. പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിഷന്‍ സമരിപ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗടത്തും.
ഡോക്ടര്‍മാരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാസത്തില്‍ പത്ത് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വനിതാ ഡോക്ടര്‍മാർക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നു. ഇത്തരത്തില്‍ അഞ്ച് കേസുകളുണ്ട്. ആശുപത്രികളില്‍ പൊലീസ് എയിഡ് പോസ്റ്റില്ലേ എന്നും ഇത്തരം സംഭവങ്ങള്‍ എങ്ങനെ നിയന്ത്രിക്കുമെന്നും കോടതി ചോദിച്ചു. ആക്രമിക്കരുതെന്ന് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഡോക്ടര്‍, നഴ്‌സ്, സെക്യൂരിറ്റി മറ്റ് ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ ഉടന്‍ നടപടി വേണമെന്നും നടപടികള്‍ പെട്ടെന്നുണ്ടാകുമെന്ന് പ്രതികള്‍ക്ക് മനസ്സിലാകണമെന്നും കോടതി പറഞ്ഞു. സുരക്ഷയ്ക്ക് എന്തൊക്കെ നടപടി സ്വകീരിച്ചുവെന്നും എന്തൊക്കെ നടപടി സ്വീകരിക്കാന്‍ പറ്റുമെന്നും അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. ഏറ്റവും ഒടുവിൽ, ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഭരണസിരാ കേന്ദ്രത്തിന് വലിയ അകലത്തിലല്ലാത്ത , പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും തൊട്ടടുത്തുള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ സർജറി വിഭാഗത്തിൽ വനിത പിജി ഡോക്ടറെ രോഗിയുടെ ബന്ധു വയറിൽ ചവിട്ടി വീഴ്ത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam