പാലക്കാട്: തേങ്കുറിശ്ശി അനീഷ് കൊലപാതക കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. വിവാഹത്തിലുള്ള എതിർപ്പ് മൂലമാണ് കൊലപാതകം എന്ന് പ്രതികൾ മൊഴി നൽകി. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായെന്നും പ്രതികൾ പറയുന്നു. എന്നാൽ അത്തരം പ്രകോപനങ്ങളുണ്ടായിട്ടില്ലെന്നും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും അനീഷിന്റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അനീഷിനെ കള്ളക്കേസിൽ കുടുക്കാനടക്കം ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ശ്രമിച്ചുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് വക്കീൽ നോട്ടീസ് വരെ അയച്ചുവെന്നാണ് അനീഷിന്റെ അമ്മ പറയുന്നത്. 

കൊലപാതകം ആസൂത്രിതമാണെന്നും പ്രഭുകുമാരിന്റെ അച്ഛൻ കുമരേശൻ പിള്ളയ്ക്കും ഗൂഡാലോചനയിൽ പങ്കുണ്ടെെന്നും അനീഷിന്റെ അച്ഛൻ ആരോപിക്കുന്നു. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായില്ലെന്നും കൃത്യമായി ആരോ വിവരം നൽകിയാണ് കൊലപാതകം നടത്തിയതെന്നും അനീഷിന്റെ അച്ഛൻ ആറുമുഖൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടുതൽ ആളുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് അനീഷിന്റെ ബന്ധുക്കൾ സംശയിക്കുന്നു.