വിവാദമായ ഫാക്ട് ചെക്ക് സംവിധാനത്തിനായി ശമ്പള ഇനത്തിൽ സർക്കാർ ചിലവിടുന്നത് 13 ലക്ഷത്തിലധികം രൂപ

By Web TeamFirst Published Aug 20, 2020, 11:19 AM IST
Highlights

അച്ചടിവകുപ്പിലെ അഴിമതി സംബന്ധിച്ച പത്രവാർത്ത വ്യാജമാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്ത ഫാക്ട് ചെക്ക് പിന്നീട് സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് മുക്കിയത് വിവാദമായിരുന്നു. 

തിരുവനന്തപുരം: പിആർഡി വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ ആരംഭിച്ച ഫാക്ട് ചെക്ക് സംവിധാനത്തിനായി ഖജനാവിൽ നിന്നും ചിലവഴിക്കുന്നത് വൻ തുക. 

വ്യാജവാർത്തകൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കും എന്ന അവകാശവാദത്തോടെയാണ് പിആർഡിക്ക് കീഴിൽ ഫാക്ട് ചെക്ക് വിഭാഗം ആരംഭിച്ചത്. ഫാക്ട് ചെക്ക് ഡിവിഷനായി ശമ്പള ഇനത്തിൽ മാത്രം സർക്കാർ ചിലവിടുന്നത് 13 ലക്ഷത്തിലധികം രൂപയാണ്. മൂന്ന് ഉദ്യോഗസ്ഥരാണ് ഫാക്ട് ചെക്ക് വിഭാഗത്തിൽ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളമായി മാത്രം 13,34,280 രൂപ ചിലവിടുന്നു. 

ഒരു ഡിസൈനർ, രണ്ടു സോഷ്യൽ മീഡിയ എഡിറ്റർമാർ എന്നിവരാണ് ഫാക്ട് ചെക്ക് ഡിവിഷനിൽ ഉള്ളത്. വ്യാജ പ്രചാരണങ്ങൾ കണ്ടെത്താനും തടയാനും നടപടികൾക്കുമാണ് സർക്കാർ  ഫാക്ട് ചെക്ക് ഡിവിഷൻ രൂപീകരിച്ചതെങ്കിലും പ്രവർത്തനം തുടങ്ങി ആദ്യ ദിവസങ്ങളിൽ തന്നെ പൊതുസമൂഹത്തിൽ നിന്നും വലിയ വിമർശനമാണ് ഫാക്ട് ചെക്ക് വിഭാഗം നേരിടുന്നത്. അച്ചടിവകുപ്പിലെ അഴിമതി സംബന്ധിച്ച പത്രവാർത്ത വ്യാജമാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്ത ഫാക്ട് ചെക്ക് പിന്നീട് സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് മുക്കിയാണ് വിവാദത്തിൽ നിന്നും രക്ഷപ്പെട്ടത്. 

വ്യാജവാർത്തകളും പ്രചരണങ്ങളും ഫാക്ട് ചെക്കിന് ജനങ്ങൾക്ക് നേരിട്ട് കൈമാറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനായി വാട്സാപ്പ് നമ്പറും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തു.  എന്നാൽ സർക്കാരിനെതിരായ ആരോപണങ്ങളിലും വാർത്തകളിലും ഫാക്ട് ചെക്ക് പ്രതികരിക്കാത്തത് സമൂഹമാധ്യമങ്ങളിലടക്കം പരിഹാസത്തിന് വഴിവച്ചു. 

മാധ്യമസ്വാതന്ത്ര്യത്തിനെതിരാണ് ഫാക്ട് ചെക്ക് സംവിധാനമെന്നും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായി വാർത്ത നൽകുന്ന മാധ്യമങ്ങളെ കണ്ടെത്തി നിശബ്ദരാക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നിരുന്നു. 

click me!