
കൊച്ചി: വികസനവും കെറെയിലും ചര്‍ച്ചയാക്കി തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പിനിറങ്ങിയ എല്‍ഡിഎഫ്, പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് കെ റെയില്‍ (K Rail) കല്ലിടലില്‍ യൂ ടേണ്‍ അടിച്ചത്. കല്ലിടലിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രചാരണം മണ്ഡലത്തില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് സര്‍ക്കാര്‍ പിന്‍മാറ്റത്തിന്‍റെ കാരണം. പ്രതിപക്ഷമാകട്ടെ കല്ലിടലില്‍ നിന്നുളള സര്‍ക്കാരിന്‍റെ പിന്‍മാറ്റത്തെ രാഷ്ട്രീയ വിജയമായും കാണുന്നു.
കെ റെയിലിനെ പറ്റി പറഞ്ഞാണ് പിണറായി തൃക്കാക്കരയില്‍ ജോ ജോസഫിനു വേണ്ടി വോട്ടു തേടി തുടങ്ങിയത്. എന്നാല്‍ മണ്ഡലത്തിലെ ഒരു റൗണ്ട് പര്യടനം മുഖ്യമന്ത്രി പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെ കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവ് വന്നു. പ്രാദേശിക തലത്തില്‍ കല്ലിടലിനെതിരെ ഉയരുന്ന പ്രതിഷേധത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് തന്നെ നേരിട്ട് ബോധ്യപ്പെട്ടതോടെയാണ് ഈ പിന്‍മാറ്റമെന്നാണ് വിലയിരുത്തല്‍.
പുറത്ത് അതിവേഗപാത ഉയർത്തിക്കാട്ടുമ്പോഴും ജനരോഷം എതിരാകുമെന്ന് കണ്ട് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതുമുതൽ മഞ്ഞക്കുറ്റികൾ ഗൊഡൗണിലേക്ക് മാറ്റിയിരുന്നു. ഉപതെരഞ്ഞെടുപ്പ് അതിവേഗപാതയുടെ ഉരകല്ലായി മാറുമെന്നിരിക്കെയാണ് ജനങ്ങളെ പിണക്കാതിരിക്കാനുളള സര്‍ക്കാരിന്‍റെ യു ടേണ്‍.
കല്ലിടല്‍ നിര്‍ത്തിയെങ്കിലും ജിപിഎസ് സര്‍വേ തുടരുമെന്നും പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്നും പറഞ്ഞ് വികസന വാദികളെ കൂടെ നിര്‍ത്തുകയാണ് തന്ത്രം. പുതിയ തീരുമാനത്തിലൂടെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാനാകുമെന്നും ഇടതുമുന്നണി കരുതുന്നു. സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്ക് സ്വന്തം നേട്ടമായി ആഘോഷിക്കുകയാണ് മറുവശത്ത് പ്രതിപക്ഷം. കല്ലിടലിലെ സര്‍ക്കാര്‍ പിന്‍മാറ്റം ഉയര്‍ത്തി തന്നെയാകും ഇനിയുളള പ്രചാരണമെന്നും വ്യക്തമാക്കുന്നു യുഡിഎഫ്.
കല്ലിടലില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയെങ്കിലും പദ്ധതി ഉപേക്ഷിക്കാത്ത സ്ഥിതിക്ക് തൃക്കാക്കരയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം തുടരുമെന്ന് കെ റെയില്‍ വിരുദ്ധ സമര സമിതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam