ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കും: സർക്കാർ ഉത്തരവ് ഇറക്കി

By Web TeamFirst Published Jun 18, 2020, 2:53 PM IST
Highlights

ഭൂമിയേറ്റെടുക്കുന്നതിൻ്റെ തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

തിരുവനന്തപുരം: ഏറേനാൾ നീണ്ട വിവാദത്തിനും ചർച്ചയ്ക്കും ഒടുവിൽ ശബരിമല വിമാനത്താവളം നിർമ്മിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടു. 2226.13 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് ഉത്തരവിൽ പറയുന്നത്. ഭൂമിയേറ്റെടുക്കുന്നതിൻ്റെ തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

 റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി വരെ അപ്പീൽ പോയാണ് ഭൂമിയേറ്റെടുക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ഹാരിസൺ മലയാളത്തിൽ നിന്നും നേരത്തെ ബിലീവേഴ്സ് ച‍ർച്ച വാങ്ങിയ ഭൂമി സ‍ർക്കാർ ഭൂമിയാണ് എന്ന് നേരത്തെ എംജി രാജമാണിക്യം ഐഎഎസ് റിപ്പോർട്ട് സമ‍ർപ്പിച്ചിരുന്നു. ശബരിമലയിൽ ​ഗ്രീൻഫിൽഡ് വിമാനത്താവളം നി‍ർമ്മിക്കാനാണ് സർക്കാരിന്റെ തീരുമാനം.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ നേരത്തെ പണം കെട്ടിവച്ച് ഭൂമിയേറ്റെടുക്കാനുള്ള സാധ്യത സ‍ർക്കാർ പരിശോധിച്ചിരുന്നു. എന്നാൽ ഇടതുമുന്നണിയിൽ സിപിഐ അടക്കമുള്ള കക്ഷികളും പ്രതിപക്ഷവും ഇതിനെതിരെ പ്രതിഷേധവുമായി രം​ഗത്തു വന്നിരുന്നു. പല ജില്ലകളിലും സർക്കാർ ഭൂമിയെ ചൊല്ലിയുള്ള കേസുകൾ നിലവിലുള്ളതിനാൽ ചെറുവള്ളിയിൽ മാത്രം പണം നൽകി ഭൂമിയേറ്റെടുക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്നായിരുന്നു സിപിഐ അടക്കമുള്ള കക്ഷികൾ ഉയർത്തിയ വിമ‍ർശനം. 

click me!