കെട്ടിടങ്ങളിൽ ചില്ലുവാതിൽ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കണം; മാർ​ഗനിർദേശം പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ഭരണകൂടം

By Web TeamFirst Published Jun 18, 2020, 2:08 PM IST
Highlights

ഷോപ്പിങ്ങ് മാളുൾപ്പടെ എല്ലാ വാണിജ്യ ധനകാര്യ സ്ഥാപനങ്ങളിലും ചില്ലു വാതിലുകളിൽ തിരിച്ചറിയാൻ പാകത്തിന്  ശ്രദ്ധ പതിക്കുന്ന സ്റ്റിക്കറുകൾ പതിപ്പിക്കണം. വാതിലുകളിലോ മുറികൾ വേർതിരിക്കുന്ന ഇടങ്ങളിലോ,  വലിയ കഷ്ണങ്ങളായി പൊട്ടാൻ സാധ്യതയുള്ള അനീൽഡ് ഗ്ലാസുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. 

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലുവാതിൽ തകർന്നുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചതിന്റെ പശ്ചാത്തലത്തിൽ കെട്ടിടങ്ങൾക്ക് പുതിയ മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ഭരണകൂടം.  കെട്ടിടങ്ങളുടെ ചില്ലുവാതിൽ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് പുതിയ മാർ​ഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഷോപ്പിങ്ങ് മാളുൾപ്പടെ എല്ലാ വാണിജ്യ ധനകാര്യ സ്ഥാപനങ്ങളിലും ചില്ലു വാതിലുകളിൽ തിരിച്ചറിയാൻ പാകത്തിന്  ശ്രദ്ധ പതിക്കുന്ന സ്റ്റിക്കറുകൾ പതിപ്പിക്കണം. വാതിലുകളിലോ മുറികൾ വേർതിരിക്കുന്ന ഇടങ്ങളിലോ,  വലിയ കഷ്ണങ്ങളായി പൊട്ടാൻ സാധ്യതയുള്ള അനീൽഡ് ഗ്ലാസുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു. വാതിൽ തുറക്കേണ്ട ദിശ എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ വലിയ അക്ഷരങ്ങളിൽ എഴുതി വയ്ക്കണം. നിലവിൽ സ്ഥാപനങ്ങളിൽ അനീൽഡ് ഗ്ലാസുകൾ സ്ഥാപിച്ചവർ 45 ദിവസത്തിനകം ടെംപേഡ്/ ടെഫൻഡ്  ഗ്ലാസിലേക്ക് മാറാനും ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് വയറിൽ തുളച്ച് കയറി കൂവപ്പാടി ചേലക്കാട്ടിൽ ബൈജു പോളിന്‍റെ ഭാര്യ ബീന മരിച്ചത് വലിയ വാർത്തയായിരുന്നു. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിലായിരുന്നു സംഭവം നടന്നത്.

സ്‍കൂട്ടര്‍ മുറ്റത്ത് വെച്ച് ബാങ്കിനുള്ളില്‍ കയറിയ ബീന പണം പിന്‍വലിക്കാനായി കൗണ്ടറിലെത്തി. അപ്പോഴാണ് സ്‍കൂട്ടറിന്‍റെ താക്കോല്‍ എടുക്കാന്‍ മറന്ന കാര്യം ഓര്‍ക്കുന്നത്. കൗണ്ടറിലെ സ്റ്റാഫിനോട് പറഞ്ഞ ശേഷം പുറത്തേക്ക് ഓടിയതായിരുന്നു ബീന. ബാലൻസ് തെറ്റി തറയിൽ വീഴുകയും ചില്ല് വയറ്റിൽ തറഞ്ഞ് കയറുകയുമായിരുന്നു. തൊട്ടടുത്തുള്ള പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു. 

Read Also: പ്രകോപനവുമായി നേപ്പാൾ, ഇന്ത്യൻ അധീനമേഖല ചേർത്തുള്ള വിവാദഭൂപടം പാർലമെന്‍റ് പാസ്സാക്കി...

 

click me!