
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന എൽപിഎസ്ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്‍റെ സമരത്തിൽ നിർണ്ണായക വഴിത്തിരിവ്. സമരസമിതിയുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി സെക്രട്ടറി എസ്. വളർമതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേരിട്ടുള്ള ഇടപെടലുണ്ടായത്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സമരസമിതിയുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയെ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, ചർച്ച എപ്പോൾ, എവിടെ വെച്ച് നടക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇന്ന് ആലപ്പുഴ ജില്ലയിലാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് ഔദ്യോഗിക പരിപാടികളുള്ളത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടും വളർമതി നിരാഹാര സമരം തുടരുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക മെഡിക്കൽ ബോർഡ് ഇന്നലെ അവരെ പരിശോധിച്ചിരുന്നു. നിർജ്ജലീകരണവും രക്തത്തിലെ സോഡിയം അടക്കമുള്ള ഇലക്ട്രോലൈറ്റുകളുടെ അളവ് കുറയുന്നതും ജീവന് ഭീഷണിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വളർമതി തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ കളക്ടർ കെ.എസ്. അഞ്ജുവും ആശുപത്രിയിലെത്തി വളർമതിയെ സന്ദർശിച്ചിരുന്നു.
ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും, ചർച്ചയിൽ അനുകൂലമായ തീരുമാനമുണ്ടാകുന്നത് വരെ നിരാഹാര സമരം പിൻവലിക്കില്ലെന്ന് വളർമതി വ്യക്തമാക്കിയിട്ടുണ്ട്. വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സമരപ്പന്തലിൽ ഉദ്യോഗാർത്ഥി എം. ജയകൃഷ്ണനും നിരാഹാരം തുടരുകയാണ്. നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 എന്നതിൽ നിന്ന് 1:25 ആയി കുറയ്ക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഇതിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ അധിക സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ച് ചർച്ചയുടെ സമയവും വേദിയും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam