സ്വകാര്യ ബാർ കൗണ്ടറിലൂടെ മദ്യവിൽപന: രണ്ട് ദിവസത്തിനകം തീരുമാനമെന്ന് എക്സൈസ് മന്ത്രി

By Web TeamFirst Published Mar 24, 2020, 1:14 PM IST
Highlights

ബാറുകളുടെ കൗണ്ടർ വഴിയുള്ള വിൽപ്പനയിൽ അടുത്ത രണ്ട് ദിവസത്തിനകം സർക്കാർ തീരുമാനമെടുക്കുമെന്നാണ് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

കോഴിക്കോട്: സ്വകാര്യ ബാർ കൗണ്ടർ വഴി മദ്യം പാഴ്സലായി വിൽക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നു. സ്വകാര്യ ബാറുകൾ അടച്ചിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ബെവ്കോ-കണ്സ്യൂമർ ഫെഡ് മദ്യവിൽപനശാലകളിൽ കടുത്ത തിരക്ക് അനുഭവപ്പെടുകയും ഇതിനെതിരെ വ്യാപകമായി പരാതി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ സാധ്യത സർക്കാർ പരിശോധിക്കുന്നത്. ഇതിലൂടെ തൊഴിൽ നഷ്ടമായി വരുമാനം മുട്ടിയ ബാർ ജീവനക്കാരെ സഹായിക്കാൻ സാധിക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. 

ബാറുകളുടെ കൗണ്ടർ വഴിയുള്ള വിൽപ്പനയിൽ അടുത്ത രണ്ട് ദിവസത്തിനകം സർക്കാർ തീരുമാനമെടുക്കുമെന്നാണ് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. തൊഴിലാളികളെ മുന്നിൽ കണ്ടാണ് സർക്കാർ ഇതേക്കുറിച്ച് ആലോചിക്കുന്നത്. ഇതിൻ്റെ നിയമവശങ്ങൾ സർക്കാർ പരിശോധിച്ചു വരികയാണ്. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും. 

ബെവ്കോ മദ്യവിൽപനശാലകൾ അടയ്ക്കണമെന്ന ഐഎംഎ ആവശ്യത്തോട് പ്രതികരിക്കാനില്ലെന്നും എക്സൈസ് മന്ത്രി പറഞ്ഞു. അതേസമയം മദ്യവിൽപനശാലകളുടെ പ്രവർത്തനസമയം 10-5 ആക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാർസലായി മദ്യം നൽകാനുള്ള നിർദേശം ബാർ ഉടമകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സർക്കാർ മദ്യവിൽപനശാലകളിലെ അതേ വിലയ്ക്ക് മദ്യം സ്വകാര്യ ബാറുകളിലൂടെ നൽകാം എന്നാണ് ബാറുടമകൾ സർക്കാരിനെ അറിയിച്ചിട്ടുള്ളത്. 

അതേസമയം തിരക്ക് നിയന്ത്രണാതീതമായതോടെ സംസ്ഥാനത്തെ എല്ലാ ചെറുകിട മദ്യവിൽപനശാലകളും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. വിവിധ മദ്യവിൽപനശാലകളിലേക്ക് യൂത്ത് കോണ്ഗ്രസും യുവമോർച്ചയുമടക്കമുള്ള സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. 

click me!