കടകൾ തുറക്കേണ്ടത് 7 മുതൽ 5 വരെ, കാസ‍‍‍ർകോട് മാത്രം 11 മുതൽ 5 വരെ: ലോക്ക് ഡൗണില്‍ വ്യക്തത

By Web TeamFirst Published Mar 24, 2020, 12:31 PM IST
Highlights

അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ മാത്രമേ ഇനി തുറക്കാൻ പാടുള്ളൂ. കടകളുടെ പ്രവർത്തനസമയം സംബന്ധിച്ച് ചീഫ് സെക്രട്ടറി നൽകിയ അറിയിപ്പിൽ തെറ്റു പറ്റിയെന്ന് കടകംപള്ളി 


തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ലോക്ക് ഡൌണിൽ കടകൾ തുറന്നു പ്രവർത്തിക്കേണ്ടത് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ  പറഞ്ഞു. 10 മുതൽ അഞ്ച് വരെ കടകൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത് കാസർകോട് ജില്ലയിൽ മാത്രമാണ്. അസാധാരണമായ സാഹചര്യമാണ് കാസർകോട് നിലനിൽക്കുന്നത് എന്നതിനാലാണ് അവിടെ ഇത്രയും കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. 

ചീഫ് സെക്രട്ടറി ഇന്നലെ കർശന  നിയന്ത്രണങ്ങൾ വിശദീകരിച്ചത് കാസർകോട് ജില്ലയെ ഉദ്ദേശിച്ചതാണ്. മറ്റു ജില്ലകളിലും ലോക്ക് ഡൌണുണ്ടെങ്കിലും അൽപം കൂടി ഇളവ് നൽകുന്നുണ്ട്. മറ്റു 13 ജില്ലകളിലും കടകൾ രാവിലെ  ഏഴ് മണി മുതൽ തുറന്ന് പ്രവർത്തിപ്പിക്കാം. എന്നാൽ സംസ്ഥാനത്ത് എല്ലായിടത്തും അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ പാടുള്ളൂ - കടകംപള്ളി വിശദീകരിച്ചു. 

തലസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന 600 ഓളം പേരിൽ 3 പേർക്ക് മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടിട്ടുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം സർക്കാർ തീരുമാനം ജനങ്ങൾ ഉത്തരവാദിത്തതോടെ നടപ്പാക്കണമെന്നും തിരുവനന്തപുരം നഗരം ലോക്ക് ഡൌണിലും പതിവു പോലെ തിരക്കിലാണെന്ന കാര്യം ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. ഈ നിയന്ത്രണം അടിച്ചേൽപ്പിച്ച ഒന്നല്ല. 

അന്യായമായി ആളുകൾ കൂട്ടുന്നതിനെതിരെ കർശനമായ നടപടി തന്നെ സർക്കാർ സ്വീകരിക്കും. അവശ്യസാധനങ്ങൾ വാങ്ങി കൂട്ടുന്നതിൽ ജനങ്ങൾ സ്വയം നിയന്ത്രണം കൊണ്ടു വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തിരുവനന്തപുരത്ത് ഐജി ബൽറാം കുമാർ ഉപാധ്യായ നേരിട്ടിറങ്ങി ജനങ്ങളെ നിരത്തിൽ നിന്നും ഒഴിവാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

click me!