ഇനി ശ്രദ്ധ പകർച്ചവ്യാധി പടരാതിരിക്കാൻ; മുൻ കരുതൽ നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നും ആരോഗ്യമന്ത്രി

By Web TeamFirst Published Aug 13, 2019, 1:02 PM IST
Highlights

എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്, 14 ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു പൈസ പോലും വകമാറ്റാൻ കഴിയില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ഷൈലജ. ആർക്ക് വേണമെങ്കിലും ദുരിതാശ്വാസ നിധി പരിശോധിക്കാമെന്നും ചില കേന്ദ്രങ്ങൾ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രസ്താവന നടത്തിയത്.

പ്രളയത്തിന് ശേഷം പകർച്ചവ്യാധി ഭീഷണി നിൽനിൽക്കുന്നുണ്ടെന്നും അതിനാണ് ഇപ്പോൾ സർക്കാരിന്‍റെ മുൻഗണനയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്, 14 ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. രോഗികൾക്ക് ക്യാമ്പുകളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ സംഘവും പ്രവർത്തനം തുടങ്ങിയതായി മന്ത്രി അറിയിച്ചു. എലിപ്പനിക്കെതിരെ പ്രത്യേക മുൻ കരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ശുചീകരണ പ്രവർത്തകരെ ആരോഗ്യ വകുപ്പ് പ്രത്യേകം പരിശീലിപ്പിക്കുമെന്നും കെ കെ ഷൈലജ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്യാമ്പുകളിൽ പരിശോധന നടത്തുന്നുണ്ട്.

അയൽ സംസ്ഥാനങ്ങളുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്. കേരളത്തിലെ സാഹചര്യത്തെ പറ്റി വിശദമായ റിപ്പോർട്ട്‌ കേന്ദ്രത്തിന്  സമർപ്പിച്ചുവെന്നും മരുന്നുകൾ ഉൾപ്പെടെയുള്ള സഹായങ്ങളുടെ കാര്യത്തിൽ കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

click me!