
കൽപ്പറ്റ: വയനാട് കോളിയാടി മാർ ബസേലിയോസ് എ യു പി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ടി സിദ്ദിഖ്. വിഷയത്തിൽ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരുമായി സംസാരിച്ചുവെന്നും ഡി എം ഒയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ആശുപത്രികളിൽ ഡോക്ടർമാരുടെ അഭാവമോ മറ്റ് ചികിത്സാ പ്രശ്നങ്ങളോ ഇല്ല. ഭക്ഷ്യവിഷബാധയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം പരിശോധനാ ഫലം വരുമെന്നും മന്ത്രി അറിയിച്ചു. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള പാളിച്ചകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. സ്‌കൂളിലെ 211 വിദ്യാർത്ഥികളാണ് പനിയും ഛർദ്ദിയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 121 കുട്ടികൾക്ക് അസുഖം റിപ്പോർട്ട് ചെയ്യപ്പെടുകയും 73 കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡി എം ഒ അറിയിച്ചിട്ടുള്ളത്. കുട്ടികൾ കഴിച്ച ഭക്ഷണത്തിന്റെയും കുടിച്ച വെള്ളത്തിന്റെയും സാമ്പിളുകൾ ഇതിനകം തന്നെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വെള്ളത്തിലൂടെ പകർന്ന ബാക്ടീരിയൽ അണുബാധയാണ് രോഗകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.
ഭക്ഷ്യവിഷബാധ പശ്ചാത്തലത്തിൽ മാർ ബസേലിയോസ് എ യു പി സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായ രീതിയിലുള്ള സാഹചര്യങ്ങൾ സംസ്ഥാനത്തെ മറ്റ് സ്‌കൂളുകളിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ശുചിത്വ കാര്യങ്ങളിലും കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലർത്തണമെന്നും അധികൃതർ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam