
തിരുവനന്തപുരം: കിഴക്കമ്പലത്ത് (Kizhakkamablam) അതിഥി തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് (Treatment Expense) പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാനും തീരുമാനമായിട്ടുണ്ട്.
കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പൊലീസുകാർക്ക് സർക്കാർ ചികിത്സാ സഹായം ഇതുവരെ നൽകിയിട്ടില്ലെന്ന് കേരള പൊലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തപ്പോഴും പൊലീസുകാർ സ്വന്തം പണം ഉപയോഗിക്കേണ്ടി വന്നു. ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ഉണ്ടെന്നും കേരള പൊലീസ് അസോസിയേഷൻ പറഞ്ഞിരുന്നു. വിവരം സർക്കാരിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചികിത്സാചെലവ് പൊലീസ് വഹിക്കുമെന്ന അറിയിപ്പ് വന്നത്.
പൊലീസിനെതിരെ അക്രമം ഉണ്ടായ പശ്ചാത്തലത്തിൽ സേനയ്ക്ക് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുമായി പൊലീസ് മികച്ച സഹകരണം ഉറപ്പാക്കണമെന്നാണ് എഡിജിപിയുടെ നിർദേശം. ഡി വൈ എസ്പിമാരും എസ് എച്ച് ഒമാരും തൊഴിലാളി ക്യാമ്പുകൾ സ്ഥിരമായി സന്ദർശിക്കണം. പൊലീസിന്റെ ഹെൽപ് ലൈൻ നമ്പരുകൾ തൊഴിലാളികൾക്ക് നൽകണം.
ഹിന്ദിയും , ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥനെ തൊഴിലാളികളുടെ പരാതികൾ പരിഹരിക്കാൻ പൊലീസ് സ്‌റ്റേഷനുകളിൽ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനക്ക് ആവശ്യമെന്നും എഡിജിപി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam