വാളയാര്‍ കേസില്‍ നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍; പ്രോസിക്യൂട്ടറെ മാറ്റും

By Web TeamFirst Published Oct 29, 2019, 8:18 PM IST
Highlights

പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രോസിക്യൂട്ടറെ മാറ്റുന്നതടക്കമുള്ള നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്. കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് വീഴ്ചയുണ്ടായതായി  ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ നിര്‍ണായക നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. തുടരന്വേഷണത്തില്‍ കോടതിയെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്.

തുടരന്വേഷണത്തിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്. പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രോസിക്യൂട്ടറെ മാറ്റുന്നതടക്കമുള്ള നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.

കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് വീഴ്ചയുണ്ടായതായി  ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചു. പൊലീസിന് വീഴ്ചയുണ്ടായെന്ന് കരുതുന്നില്ലെന്നും ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പ്രതികരിച്ചു. നേരത്തെ, വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റിയിരുന്നു. അഡ്വ. രാജേഷിനെതിരെയാണ് നടപടി വന്നത്.

കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയർമാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്. വാളയാർ കേസിൽ പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് സർക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിൽ ആക്കിയിരുന്നു. പ്രതികൾക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയർമാൻ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെ കെ ശൈലജ അടക്കം രംഗത്തെത്തുകയും ചെയ്തു.

വാളയാറിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ ബന്ധുക്കളും രാജേഷിനെതിരെ ആരോപണങ്ങൾ കടുപ്പിച്ചിരുന്നു. കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് അഡ്വ.എൻ രാജേഷായിരുന്നു. എന്നാൽ വിചാരണ വേളയിൽ ഇദ്ദേഹത്തെ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കി. തുടർന്ന് നടപടി വിവാദമായതോടെ ആണ് രാജേഷ് കേസ് മറ്റ് അഭിഭാഷകർക്ക് കൈമാറിയത്. കേസ് ഒഴിഞ്ഞു എന്ന് രാജേഷ് അറിയിച്ചിരുന്നെങ്കിലും ഇത് ദുരൂഹതകൾ ഉയർത്തി.

പ്രോസിക്യൂഷന്റെ വാദം മുൻകൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാൻ രാജേഷ് കൂട്ടു നിന്നെന്ന ആരോപണം ആണ് ഇന്ന് നിയമസഭയിൽ അടക്കം സർക്കാരിനെതിരെ ഉയർന്നത്. സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം നിയമസഭക്ക് അകത്തും പുറത്തും ആളിക്കത്തിയതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റിക്കൊണ്ട് സർക്കാർ നടപടിയാകുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജേഷിനെതിരായ നടപടി.

click me!