
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. 6മാസത്തേക്കാണ് കാലാവധി നീട്ടുക. മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ. 2026 സെപ്റ്റംബർ മുതൽ നവംബർ വരെ ഉള്ള കാലത്തു കാലാവധി തീരുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട്, മൂന്ന് പുതിയ എൻഡിപിഎസ് കോടതികൾ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലായിരിക്കും കോടതികള്‍ ആരംഭിക്കുക. ചേന്തിയിൽ തന്നെ ആരും തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ മോശമായി പെരുമാറി. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ല. ചേന്തിയിലെ പരിപാടി ഉപേക്ഷിച്ചിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വന്ദേമാതരം പാടിയത് കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരമാണെന്ന് വിശദീകരിച്ച മുഖ്യമന്ത്രി ഉപരാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികളിൽ പ്രോട്ടോക്കോള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. പുരോഗമന കേരളത്തിന് ചേര്‍ന്ന പ്രസ്താവനയല്ല. ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നു.
മെസിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉടൻ തീരുമാനമുണ്ടാകും. ജി എസ്ടിയിൽ വലിയ തട്ടിപ്പ് നടന്നു. ആഭ്യന്തരവകുപ്പ് ഉടൻ എസ്ഐടിയിൽ തീരുമാനം എടുക്കും. എൽഡിഎഫിൽ കലാപം നടക്കുന്നുവെന്നും സിപിഎമ്മിൽ അസാധാരണ പ്രശ്നങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ പുറത്ത് നിന്ന് ആസ്വദിക്കുകയാണെന്ന് പറഞ്ഞ വിഡി സതീശൻ സിപിഐയുടെ കാര്യത്തിൽ ഒരു രാഷ്ട്രീയ തീരുമാനവും എടുത്തിട്ടില്ലെന്നും അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam