നോർത്ത് മലബാർ എഡ്യൂക്കേഷൻ സൊസൈറ്റിയിലെ ഫണ്ട് തിരിമറി വിവാദത്തിൽ, സിപിഎം ജില്ലാ നേതൃത്വം സംഘടനാപരമായ നടപടി ഉറപ്പുനൽകിയതായി പരാതിക്കാരനായ തോമസ് ജോസഫ്. നേതാക്കളുടെ വാക്കിൽ വിശ്വാസമർപ്പിച്ച് പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കണ്ണൂർ: നോർത്ത് മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി ഫണ്ട് തിരിമറിയിൽ പാർട്ടി നേതൃത്വം സംഘടനാപരമായ നടപടി ഉറപ്പുനൽകിയെന്ന് പരാതിക്കാരനായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം തോമസ് ജോസഫ്. സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും സിപിഎം ജില്ലാ നേതാക്കൾ ഉറപ്പുനൽകിയതായി അദ്ദേഹം തൻ്റെ ഫെയ്‌സ്ബുക് കുറിപ്പിൽ വ്യക്തമാക്കി. നേതാക്കളുടെ വാക്ക് വിശ്വാസത്തിലെടുക്കുന്നുവെന്നും അതിനാൽ ഇനി പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കുറിച്ചു.
കാര്യങ്ങൾ ഗൗരവപൂർവ്വം പരിശോധിച്ച് പരിഹരിക്കുമെന്ന ജില്ലാ നേതൃത്വത്തിന്റെ ഉറപ്പ് വിശ്വസിക്കുന്നു. സൊസൈറ്റിയുടെ പണം ഉപയോഗിച്ച് വ്യക്തിയുടെ പേരിൽ സ്ഥലം വാങ്ങിയത്, സ്ഥാപനത്തിന്റെ പേരിൽ സ്ഥലം വാങ്ങാതെ കെട്ടിടത്തിന് മന്ത്രിയെക്കൊണ്ട് തറക്കല്ല് ഇട്ടത്, സൊസൈറ്റിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാത്തത് തുടങ്ങിയ ഗൗരവതരമായ വിഷയങ്ങൾ പരിശോധിക്കുമെന്നാണ് നേതാക്കൾ ഉറപ്പുനൽകിയിട്ടുള്ളത്. വസ്തുതകൾക്ക് നിരക്കാത്ത വിശദീകരണം സൊസൈറ്റി ഭാരവാഹികളും പാർട്ടിയുടെ പ്രാദേശിക നേതാക്കളും ചേർന്ന് നടത്തിയപ്പോഴാണ് താൻ പെട്ടെന്ന് പരസ്യമായി പ്രതികരിച്ചത്. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ആ പ്രതികരണം ശരിയായിരുന്നില്ലെന്ന് ബോധ്യമുണ്ടെന്നും തോമസ് ജോസഫ് കുറിപ്പിൽ കൂട്ടിച്ചേർത്തു.


