എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണം; സമവായത്തിന് സർക്കാർ, നിയമോപദേശം തേടുമെന്ന് കെസിബിസി അധ്യക്ഷന് മുഖ്യമന്ത്രിയുടെ ഉറപ്പ്

Published : Oct 06, 2025, 08:45 PM IST
pinarayi kcbc

Synopsis

കെസിബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ് കാത്തോലിക്ക ബാവയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. സഭയുടെ ആശങ്ക തീർക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

തിരുവനന്തപുരം: എയ്ഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണ തീരുമാനത്തിൽ കെസിബിസിയുമായി സമവായത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. വിഷയത്തില്‍ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെസിബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ് കാത്തോലിക്ക ബാവയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. സഭയുടെ ആശങ്ക തീർക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ഭിന്നശേഷി നിയമനത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് ക്രിസ്ത്യൻ മാനേജ്മെന്‍റുകൾക്ക് ബാധകമാകില്ലെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിലപാടിൽ തുടങ്ങിയ വിവാദം ആളിപ്പടരുകയാണ്. ക്രിസ്ത്യൻ മാനേജ്മെന്‍റുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും സർക്കാരിനോട് ഭീഷണി വേണ്ടെന്നുമുള്ള മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയിൽ ഉണ്ടാകുന്നത് രൂക്ഷമായ പ്രതികരണങ്ങളാണ്. വിദ്യാഭ്യാസമന്ത്രി നിലപാട് തിരുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു കത്തോലിക്ക കോൺഗ്രസിന്‍റെ മുന്നറിയിപ്പ്. ഓർത്തഡോക്സ് സഭാ നേതൃത്വവും വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് സമവായത്തിന് ഒരുങ്ങുന്നത്.

എൻഎസ്എസിന് ലഭിച്ച വിധിയിൽ മന്ത്രിയുടെ പ്രതികരണം

2021ലാണ് ഹൈക്കോടതിയും സുപ്രീംകോടതിയും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതും സുപ്രധാന വിധി പുറപ്പെടുവിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. വിധി എതിരാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് മാനേജ്മെന്‍റ് ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിനെ പഴിക്കുകയല്ല. അത് ചെയ്യാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ സമരം നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. എൻ എസ് എസ് മാനേജ്‌മെന്റിന് മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട അഡ്വക്കേറ്റ് ജനറലിന്റെയും ലോ സെക്രട്ടറിയുടെയും നിയമോപദേശം നിയമസഭയിൽ വ്യക്തമാക്കിയതാണെന്നും മന്ത്രി വിവരിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് മാനേജ്‌മെന്റുകൾ നിയമിക്കുന്ന ഉദ്യോഗാർഥികൾക്ക് നിയമന അംഗീകാരം നൽകുക മാത്രമാണ് വകുപ്പ് ചെയ്യുന്നത്. അതിനാൽ, നിയമനം നടത്താൻ സർക്കാരിന് സാധിക്കുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വിശദീകരിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയമന അംഗീകാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഒക്ടോബറിൽത്തന്നെ ആദ്യഘട്ട നിയമന ശുപാർശ

എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവും നിയമനവും വേഗത്തിലാക്കുമെന്നും ആയിരത്തി നാനൂറോളം ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് ഒക്ടോബറിൽത്തന്നെ ആദ്യഘട്ട നിയമന ശുപാർശ നൽകുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നശേഷി നിയമനം നടപ്പാക്കുന്നതിനായി മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയിട്ടുണ്ട്. എക്സ്ചേഞ്ചിൽ നിന്നും ഉദ്യോഗാർഥികളുടെ വിവരങ്ങൾ ലഭിച്ചാലുടൻ നിയമന നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി വിവരിച്ചു. കാറ്റഗറി ഒന്നുമുതൽ ഏഴുവരെ വിഭാഗങ്ങളിലെ നിയമനങ്ങൾക്കായി മാനേജർമാർ വിട്ടുനൽകിയ ഒഴിവുകൾ സ്ഥിരീകരിച്ച് വിദ്യാഭ്യാസ അധികാരികൾ ജില്ലാതല സമിതികൾക്ക് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്‌. ലഭ്യമാകുന്ന ഒഴിവുകളിലേയ്ക്ക് നിയമനത്തിന് യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റും ഫോൺ നമ്പറും സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്നും ജില്ലാതല സമിതികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ