'കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയകുഴപ്പം മാറും': മുഖ്യമന്ത്രിക്ക് ഗവർണറുടെ മറുപടി

Published : Sep 27, 2023, 08:40 PM IST
'കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയകുഴപ്പം മാറും': മുഖ്യമന്ത്രിക്ക് ഗവർണറുടെ മറുപടി

Synopsis

സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി വാദിക്കാൻ മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവെച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആശയകുഴപ്പം മാറും. സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സർക്കാർ 40 ലക്ഷം രൂപ ചെലവഴിച്ചു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോൾ ആണ് ഇത്രേയധികം പണം ചെലവഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ തടഞ്ഞുവെക്കുന്നതാണ് സർക്കാരിനെ സുപ്രീം കോടതിയിലേക്ക് പോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ഇതിൽ മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നുവെന്നും മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായും ഗവർണറുടെ ഒപ്പ് കാത്തുകിടക്കുകയാണെന്നായിരുന്നു ഇന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.  നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി വാദിക്കാൻ മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നുവെന്നും നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ സുപ്രീം കോടതിയോട് ചോദിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുടർന്ന് ഗവർണറുടെ നടപടിയെ അതിരൂക്ഷമായി മുഖ്യമന്ത്രി വിമർശിച്ചു. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ല. ബില്ലുകളിൽ മന്ത്രിമാരടക്കം നേരിട്ട് പോയി ഗവർണറെ കണ്ട് ബില്ലുകളിൽ വിശദീകരണം നൽകിയിരുന്നു. എന്നിട്ടൊന്നും അതിൽ ഒപ്പിടാൻ ഗവർണർ തയ്യാറായില്ല. വൈസ് ചാൻസലർ നിയമനമടക്കം ഇതേത്തുടർന്ന് സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. ബില്ലുകൾ പിടിച്ചുവെക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാവില്ല. ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ