
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ (Opposition) പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammad Khan). നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയിലേക്ക് കയറിയത് മുതല്‍ പ്രതിപക്ഷം ഗോ ബാക്ക് മുദ്രാവാക്യം വിളികള്‍ ആരംഭിച്ചിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. എന്നാല്‍ പ്രതിപക്ഷനേതാവ് സംരിക്കാന്‍ എണീറ്റപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയാണ് പ്രതിപക്ഷനേതാവ്. സഭാ സമ്മേളനത്തില്‍ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാം, ഇതല്ല ശരിയായ സമയമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി സഭ വിട്ടിറങ്ങി.
കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ഗവർണറും കബളിപ്പിച്ചെന്നും സർക്കാരിൻറെ നിയമവിരുദ്ധ നടപടികൾക്ക് ഗവർണറുടെ ഒത്താശയുണ്ടെന്നും സഭവിട്ടിറങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഗവണ്‍മെന്‍റ് ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ട് നില്‍ക്കുകയും ഒത്താശ ചെയ്ത് കൊടുക്കുയും ചെയ്യുകയാണ്. കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം കൊടുക്കാനുള്ള സമ്മര്‍ദ്ദത്തിന് ഗവര്‍ണര്‍ വഴങ്ങി. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സംഘപരിവാറിന്‍റെ ഏജന്‍റിനെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഒന്‍പത് മണിക്കാണ് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഗവര്‍ണറുടെ പ്രതിപക്ഷ വിമര്‍ശനത്തില്‍ അടക്കം ഭരണപക്ഷം ഡെസ്ക്കിലടിച്ച് പിന്തുണ നല്‍കിയില്ല. സര്‍ക്കാര്‍ നേട്ടങ്ങള്‍ ഗവര്‍ണര്‍ പറയുമ്പോഴും നിശബ്ദതയായിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ്ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്ന നിലപാട് എടുത്ത ഗവർണർ ചില കാര്യങ്ങളിൽ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവർണ്ണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണ്ണർ ഭരണഘടന ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്.
അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം തന്‍റെ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവർണ്ണര്‍ തുറന്നടിച്ചു. നിയമനത്തിൻെറ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെന്‍ഷനുമെന്ന് ഗവർണർ പറഞ്ഞു. പേഴ്സണ്‍ല്‍ സ്റ്റാഫ് നിയമനങ്ങളിൽ ചടർച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചർച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവർണ്ണര്‍ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതമായി കൂട്ടിക്കുഴക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയർന്നു. ഒടുവിൽ പേഴ്സണൽ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെൻറിലും തിരിക്കിട്ട ചർച്ചകള്‍. ഒടുവിൽ ഗവര്‍ണ്ണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ച് പ്രശ്നം തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.