മുഖ്യമന്ത്രിക്ക് കടുത്ത ഭാഷയില്‍ ഗവര്‍ണറുടെ മറുപടി; 'ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ളത് ആര്‍ക്കാണ്?'

By Web TeamFirst Published Sep 17, 2022, 8:10 AM IST
Highlights

കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായി.  ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ആര്‍ക്കാണ് എന്നും ചോദിച്ചു.

കൊച്ചി: ഗവർണർ സർക്കാർ പോര് അതിരൂക്ഷം. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തിരിച്ചടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം. കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായി.  ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ആര്‍ക്കാണ് എന്നും ചോദിച്ചു. ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞത് എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്.  

കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സിനിടെയുണ്ടായ വധശ്രമത്തിന് പിന്നിൽ മുഖ്യമന്ത്രിയെയും സംശയിച്ചാണ് ഗവർണ്ണറുടെ പ്രതികരണം. കണ്ണൂരിൽ ചരിത്ര കോൺഗ്രസ്സിൽ തനിക്കെതിരായ വധശ്രമത്തിന് പിന്നിൽ വിസിയെ കുറ്റപ്പെടുത്തിയിരുന്ന ഗവർണ്ണർ ഇന്ന് മുഖ്യമന്ത്രിയെയും സംശയ നിഴലിൽ നിർത്തി. തന്‍റെ ശാരീരിക സ്ഥിതിയിൽ ഭയമുണ്ടെന്ന പറഞ്ഞ ഗവർണ്ണർ ചരിത്ര കോൺഗ്രസ്സിൽ നടന്നതിന്‍റെ തെളിവുകൾ പുറത്തുവിടുമെന്നാണ് ഭീഷണി മുഴക്കുന്നത്. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നാണ് ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

മാധ്യമങ്ങളോട് ഗവർണ്ണർ നിരന്തരം പ്രതികരിക്കുന്നതിലാണ് ഇന്നലെ പിണറായി വിമർശിച്ചത്. എന്നാൽ തന്‍റെ കത്തിനും ഫോൺ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്ന് ഗവർണ്ണറുടേയും വിമർശനം. പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അതേസമയം, തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ  പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

Also Read: 'ഇതില്‍പ്പരം അസംബന്ധമില്ല, ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണം'; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി

കേന്ദ്രത്തിൽ ഉയർന്ന പദവി പ്രതീക്ഷിച്ചായിരുന്നു സംസ്ഥാന സർക്കാറിനെതിരായ ഗവർണറുടെ വിമർശനങ്ങളെന്ന് വരെ ഉന്നയിച്ചാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ വിമര്‍ശനം മുഖ്യമന്ത്രി കടുപ്പിച്ചത്. നിയമപരമായി പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് ഒപ്പിടാൻ തടസ്സം ഉണ്ടാകേണ്ട, അതിൽ സർക്കാറിന് ആശങ്കയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഗവർണർക്ക് മറുപടി പറഞ്ഞ് പോകണമെന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനപ്രകാരം തന്നെയാണ് പിണറായിയുടെ വിമർശനം. 

click me!