'കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ'; അട്ടപ്പാടിയിലെ മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ

By Web TeamFirst Published Sep 12, 2022, 6:42 PM IST
Highlights

ചിണ്ടക്കി  പഴയൂരിലെ വീട്ടിലെത്തി ആരിഫ് മുഹമ്മദ്‌ ഖാൻ മധുവിന്‍റെ അമ്മയെ സന്ദർശിച്ചത്. മധുവിന്‍റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗവർണർ പ്രതികരിച്ചു.

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മ‍ർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ചിണ്ടക്കി  പഴയൂരിലെ വീട്ടിലെത്തി ആരിഫ് മുഹമ്മദ്‌ ഖാൻ മധുവിന്‍റെ അമ്മയെ സന്ദർശിച്ചത്. മധുവിന്‍റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗവർണർ പ്രതികരിച്ചു. 

സംസ്ഥാനത്തിന്‍റെ ഓണാഘോഷ സമാപനത്തിൽ അതിഥി ആകേണ്ട ഗവർണർ അട്ടപ്പാടിയിൽ. ചടങ്ങിന് സാമാപനം കുറിക്കേണ്ട നേരത്താണ് ആരിഫ് മുഹമ്മദ് ഖാൻ മധുവിന്‍റെ വീട്ടിലെത്തിയത്. മധുവിന്‍റെ അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം ചേരുന്നുവെന്നും ഗവർണർ പറഞ്ഞു. കുടുംബം ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, അവ രേഖാമൂലം തരാൻ നിർദേശിച്ചുവെന്നും ആരിഫ് മുഹമ്മദ്‌ ഖാൻ പ്രതികരിച്ചു. ഗവർണരുടെ സന്ദർശനം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊർജം നൽകുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നേരിടുന്ന ഭീഷണിയും, അഭിഭാഷകന് പണം നൽകാത്ത കാര്യവും ഗവർണരോട് സൂചിപ്പിച്ചുവെന്ന് മധുവിന്‍റെ കുടുംബം പ്രതികരിച്ചു.

മധുകൊലക്കേസ് അട്ടിമറിക്കാൻ പ്രതികൾ പല വഴി തേടുമ്പോഴാണ്, ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ നേരിട്ട് മധുവിന്റെ വീട്ടിൽ എത്തുന്നത്. അഭിഭാഷകന് സർക്കാർ ഫീസ് നൽകുന്നില്ല എന്ന് കുടുംബം ആരോപിക്കുമ്പോഴാണ് ഗവർണരുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. മധുവിന്‍റെ അമ്മ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് നിവേദനം നൽകിയിരുന്നു. സാക്ഷികൾ കൂറുമാറുന്ന സാഹചര്യത്തിൽ കേസിൽ കേന്ദ്രസഹായം വേണമെന്നാണ് മധുവിന്‍റെ അമ്മ മല്ലി അമിത് ഷായോട് അഭ്യർത്ഥിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. കേസിൽ ഇതുവരെ 13 സാക്ഷികളാണ് കൂറുമാറിയത്. ആകെ 122 സാക്ഷികളാണ് മധുകേസിലുളളത്.

click me!