'ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കും'; അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാൻ കേരളം

By Web TeamFirst Published Sep 12, 2022, 5:27 PM IST
Highlights

തെരുവുനായ ശല്യം തടയാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ്, പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ തുടങ്ങും. എബിസി പദ്ധതി നടപ്പിലാക്കാൻ നേരത്തെ കുടുംബശ്രീകളെ നിയോഗിച്ചിരുന്നെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. ഇക്കാര്യത്തിലെ നിയമതടസ്സം നീക്കാൻ നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്‌ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വാക്സിനേഷൻ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കമെന്നും എം.ബി.രാജേഷ് പറഞ്ഞു. 

മലപ്പുറത്തും തെരുവുനായ ശല്യം രൂക്ഷം, നിലമ്പൂരിൽ ജില്ലാ ആശുപത്രിക്കകത്ത് അടക്കം നായ്ക്കളുടെ വിളയാട്ടം

ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്സിനേഷന് കൊണ്ടുവന്നാൽ 500 രൂപ പാരിതോഷികം നൽകും. തെരുവുനായ്ക്കൾക്ക് ഓറൽ വാക്സിനേഷൻ നൽകാനുള്ള സാധ്യതയും പരിശോധിക്കും. തെരുവുനായ്ക്കളുടെ വാക്സിനേഷനായി 6 ലക്ഷം ഡോസ് ഇപ്പോൾ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. ദിവസം പതിനായിരം തെരുവുനായ്ക്കളെ വാക്സിനേഷൻ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവുനായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ ‌ഷെൽട്ടറുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ ഒക്ടോബർ 30നുള്ളിൽ പൂർത്തിയാക്കും. ആവശ്യമെങ്കിൽ ഇതിനായി ക്യാമ്പുകൾ തുടങ്ങും.

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതി നടപ്പിലാക്കാൻ നേരത്തെ കുടുംബശ്രീകളെ നിയോഗിച്ചിരുന്നെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. ഇക്കാര്യത്തിലെ നിയമതടസ്സം നീക്കാൻ നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി പറഞ്ഞു. സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം ആവശ്യപ്പെടും. നിലവിൽ 37 എബിസി കേന്ദ്രങ്ങൾ തയ്യാറാണ്. 152 എണ്ണം കൂടി ഉടൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. എബിസി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും. 

നായ കുറുകെ ചാടി, സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മയുടെ കാൽ ഒടിഞ്ഞു തൂങ്ങി

കൊവിഡിനെ നേരിട്ട പോലെ തന്നെ, ജനകീയ പങ്കാളിത്തത്തോടെ തെരുവുനായ ശല്യവും നേരിടണമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായി എംഎൽഎമാരുടെ യോഗം ചേരും. നായ്ക്കളുടെ ശല്യം കൂടുതലുള്ള ഹോട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകും. മാലിന്യം കുമിഞ്ഞ് കൂടുന്നത് തെരുവുനായ ശല്യത്തിന് പ്രധാന കാരണമാണ്. ഇത് പരിഹരിക്കാൻ ജില്ലാ തലത്തിൽ യോഗം ചേർന്ന് മാലിന്യ നീക്കത്തിന് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.  ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിക്കും. മഴയ്ക്ക് ശേഷം മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യും. ഇതിനായി കൊവിഡ് സന്നദ്ധ സേനയെ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

 

click me!