തിരുവനന്തപുരം: കടുത്ത പ്രതിഷേധങ്ങൾക്കിടയിലും നിയമസഭയിലെ സമ്പൂർണപേപ്പർ രഹിത ഇ-സഭ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിച്ചത് കൗതുകമായി. നയപ്രഖ്യാപന പ്രസംഗത്തിന് തൊട്ടുമുമ്പാണ് ഇ- സഭ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതായി ഗവർണർ പ്രഖ്യാപിച്ചത്.
ശേഷം ഗവർണർ സംസാരിച്ചതിങ്ങനെ:
''ബഹുമാനപ്പെട്ട സ്പീക്കർ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാരെ, ബഹുമാനപ്പെട്ട സാമാജികരേ... കേരളനിയമസഭയുടെ നൂതന സംരംഭമായ ഇ-സഭാ പദ്ധതിയുടെ പ്രഖ്യാപനം നടത്താൻ അതിയായ സന്തോഷമുണ്ട്. കേരളാ നിയമസഭയെ കടലാസ് രഹിതമാക്കാനുള്ള ഈ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച ബഹുമാനപ്പെട്ട സ്പീക്കർക്കും, സാമാജികർക്കും, നിയമസഭാ ജീവനക്കാർക്കും എന്‍റെ അഭിനന്ദനം'', അൽപം ബുദ്ധിമുട്ടിയാണെങ്കിലും ഗവർണർ പറഞ്ഞു നിർത്തി.
അതിന് ശേഷം ഇംഗ്ലീഷിൽ നയപ്രഖ്യാപനപ്രസംഗം തുടങ്ങുകയും ചെയ്തു.
എന്താണ് ഇ - സഭ പദ്ധതി?
ഗവർണറുടെ നയപ്രഖ്യാപനമാകട്ടെ, ധനമന്ത്രിയുടെ ബജറ്റാകട്ടെ, ഇനി അവതരണം തീരുന്നതിന് മുമ്പ് പ്രസംഗത്തിന്‍റെ പകർപ്പ് സാമാജികരുടെ മേശപ്പുറത്ത് എത്തുന്നതാണ് ഇ- സഭ പദ്ധതി. ഗവർണറോ മന്ത്രിയോ ഒരു പേജ് വായിക്കുമ്പോൾ അംഗങ്ങളുടെ മുന്നിലുള്ള സ്ക്രീനിൽ തൊട്ടുമുമ്പത്തെ പേജ് തെളിയും. ഒമ്പതാം പേജാണ് വായിക്കുന്നതെങ്കിൽ എട്ടാം പേജാണ് തെളിയുക എന്നർത്ഥം. അത് വഴി രേഖയുടെ രഹസ്യ സ്വഭാവവും കാക്കാനാകും.
അവതരണത്തിനിടെ തന്നെ പകർപ്പും കാണാമെന്നതിനാൽ ആരെങ്കിലും എന്തെങ്കിലും വായിക്കാതെ വിട്ടാൽത്തന്നെ അപ്പപ്പോൾ അംഗങ്ങൾക്ക് അത് കാണാനുമാകും. സഭാ നടപടികൾ ഡിജിറ്റലാക്കുന്ന ഇ- സഭ പദ്ധതിയുടെ ആദ്യഘട്ടമാണിത്. ഇനി എംഎൽഎമാർ ഹാജർ രേഖപ്പെടുത്തുന്നതും, മേശപ്പുറത്തെ ടച്ച് സ്ക്രീൻ ലോഗിൻ ചെയ്യുന്നതും വിരലടയാളം ഉപയോഗിച്ച് ആക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഒപ്പം വാച്ച് ആന്‍റ് വാർഡിന് കുറിപ്പ് കൊടുത്തുവിടുന്നതിന് പകരം അംഗത്തിന് നേരിട്ട് സ്പീക്കർക്ക് മെസ്സേജയക്കാൻ ചാറ്റ് വിത്ത് സ്പീക്കർ, എല്ലാ അംഗങ്ങൾക്കും മേശപ്പുറത്ത് തന്നെ ഐപാഡ്, ഇതിൽ ചോദ്യോത്തരവും മെസ്സേജും നോട്ടീസും അയക്കാൻ ആപ്പുകൾ, വോട്ടിംഗിനായി ഐപാഡിൽ പ്രത്യേക ഐക്കണുകൾ, എഴുതിച്ചോദിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകുന്ന മറുപടികൾ പതിനഞ്ച് മിനിറ്റ് മുന്നേ കിട്ടാനുള്ള നടപടി എന്നിവയെല്ലാമുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam