
കരിപ്പൂർ: ലാന്‍റിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വിമാനാപകടം ഉണ്ടായ കരിപ്പൂരിലേക്ക് കേന്ദ്ര വ്യോമയാന മന്ത്രിയും കേരള ഗവർണറും മുഖ്യമന്ത്രിയും അടക്കം മന്ത്രിമാരുടെ സംഘവും എത്തി. എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. പ്രിൻസിപ്പലുമായും ഡോക്ടർമാരുടെ സംഘമായും കൂടിക്കാഴ്ച നടത്തി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവരാണ് സംഘത്തിലുള്ളത്
അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡര്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധന നടത്തണം. അപകടകാരണത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷം മാത്രമെ എന്തെങ്കിലും പറയാനാകു എന്ന് എയര്‍ ഇന്ത്യ ചെയര്‍മാൻ വ്യക്തമാക്കിയിരുന്നു. മാത്രമല്ല സമഗ്രമായ അന്വേഷണത്തിനും കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവര്‍ ഉച്ചയോടെ കരിപ്പൂരിലെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam