ഗവർണർ-സർക്കാർ പോര് അസാധാരണ നിലയിലേക്ക്; ഗവര്‍ണറെ കടന്നാക്രമിച്ച് സിപിഎം നേതാക്കള്‍

Published : Aug 25, 2022, 01:07 PM ISTUpdated : Aug 25, 2022, 01:10 PM IST
 ഗവർണർ-സർക്കാർ പോര് അസാധാരണ നിലയിലേക്ക്; ഗവര്‍ണറെ കടന്നാക്രമിച്ച് സിപിഎം നേതാക്കള്‍

Synopsis

നിയമസഭ പാസ്സാക്കിയാലും ബില്ലിൽ ഒപ്പിടില്ലെന്ന് സൂചിപ്പിച്ച ഗവർണ്ണറെ സിപിഎം നേതാക്കൾ കടന്നാക്രമിച്ചു. വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിക്കുന്ന ഗവർണ്ണർ കണ്ണൂർ വിസിക്കെതിരെ അടക്കം കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്.  

തിരുവനന്തപുരം: ഗവർണ്ണർ-സർക്കാർ പോര് അസാധാരണ നിലയിലേക്ക് നീങ്ങുന്നു. നിയമസഭ പാസ്സാക്കിയാലും ബില്ലിൽ ഒപ്പിടില്ലെന്ന് സൂചിപ്പിച്ച ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഎം നേതാക്കൾ കടന്നാക്രമിച്ചു. വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിക്കുന്ന ഗവർണ്ണർ കണ്ണൂർ വിസിക്കെതിരെ അടക്കം കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്. 

വാക് പോരുകൾക്കുപ്പുറം വലിയ ഭരണഘടനാ പ്രശ്നമായി കേരള സർകക്കാർ-ഗവ‍ർണ്ണർ പോര് നീങ്ങുകയാണ്. ഗവർണ്ണറുടെ അധികാരം വെട്ടിക്കുറക്കുന്ന സര്‍വ്വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത നിയമഭേദഗതിയിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് സൂചിപ്പിക്കുന്നത്. ഭരണത്തിൻറെ കമാൻഡർ ഇൻ ചീഫാകാനാണ് ഗവർണ്ണറുടെ ശ്രമമെന്ന് ദേശാഭിമാനി ലേഖനത്തിൽ കോടിയേരി വിമർശിച്ചു. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട ഗവർണ്ണർക്ക് എങ്ങിനെ ബില്ലുകളെ അവഗണിക്കാൻ കഴിയുമെന്നാണ് സർക്കാറും സിപിഎമ്മും ഉയർത്തുന്ന ചോദ്യം. 

Read Also: ഗവർണർ സംഘപരിവാർ ഏജന്‍റ് , ഇപ്പോൾ നടക്കുന്നത് സർക്കാർ ഗവർണർ ഒത്തുകളി-വിഡി സതീശൻ

ഗവർണർ സര്‍ക്കാർ ഏറ്റുമുട്ടലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സർക്കാർ ഏത് കാര്യത്തിനും ഏറ്റുമുട്ടലിന് ഇല്ല എന്ന് പറഞ്ഞെങ്കിലും കടുത്ത വിമര്‍ശനമാണ് ഇ പി ജയരാജന്‍ നടത്തിയത്. കേരളത്തിലെ ഗവർണർ അദ്ദേഹം ഇരിക്കുന്ന പദവിയെക്കുറിച്ച് ആലോചിക്കുന്നില്ല. ഗവർണർ ഒരു അത്യുന്നത പദവിയാണ്. അങ്ങനെ ഉള്ള ഒരാൾ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ കുറിച്ചു പറഞ്ഞത് ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങളാണ്.  ഒരു ഗവർണർ ഉപയോഗിക്കേണ്ട പദങ്ങൾ ആണോ അവ. കണ്ണൂര്‍  വിസിക്ക് എതിരെ പറഞ്ഞതും മ്ലേച്ഛമായ പദങ്ങളാണ്. ഇതൊക്കെ ഗവര്‍ണര്‍ പദവിക്ക് കളങ്കമാണ്. 

ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. അദ്ദേഹം നിലപാട് തിരുത്തണം. ബില്ലുകളിൽ ഒപ്പിടില്ല എന്ന് ഒരിക്കലും ഗവർണർ പറയരുത്. നിയമം പാസാക്കിയാലേ പിശക് ചൂണ്ടിക്കാണിക്കാൻ ആകൂ. അദ്ദേഹം വലിയ അബദ്ധത്തിൽ ചെന്നു പെട്ടിരിക്കുന്നു. ഇതൊക്കെ  ആരെയോ പ്രീണിപ്പിക്കാനാണ് എന്ന് തോന്നുന്നു. സർവകലാശാലകളിൽ ആരെയും കുത്തിക്കയറ്റാന്‍ പാടില്ല. 
ഗവർണറുടേത് പക്വത ഇല്ലാത്ത അഭിപ്രായ പ്രകടനങ്ങളാണ്.  ജനങ്ങൾ അദ്ദേഹത്തെ അവമതിപ്പോടെ വീക്ഷിക്കും. കടുത്ത നിലപാട് ഗവർണർ തുടർന്നാൽ എന്ത് ചെയ്യും എന്ന് ഗവർണറോട് ചോദിക്കൂ എന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ ഒപ്പിടാം, വിശദാംശങ്ങൾ തേടി തിരിച്ച് അയക്കാം. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് അയക്കാം എന്നാണ് ഭരണഘടന പറയുന്നത്. വിശദാംശങ്ങൾ തേടി തിരിച്ചയച്ച ബിൽ വീണ്ടും പരിഗണിക്കാൻ നൽകിയാൽ ഗവർണ്ണർ ഒപ്പിടണം. പക്ഷേ പലപ്പോഴും മിക്ക ഗവർണ്ണര്‍മാരും എതിരഭിപ്രായമുള്ള ബില്ലുകൾ തടഞ്ഞുവെക്കുന്നതാണ് ഇന്ത്യയിലെ പതിവ്. പോക്കറ്റ് വീറ്റോ എന്ന് വിളിപ്പേരിൽ പല സുപ്രധാന ബില്ലുകളും പല രാജ്ഭവനുകളിൽ കെട്ടിക്കിടക്കുന്നു. 

Read Also: 'ചാന്‍സലര്‍ക്കെതിരായ പരിപാടിക്ക് വേദിഅനുവദിച്ചു' കണ്ണൂര്‍ സര്‍വ്വകലാശാല വിസിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി

കേരളത്തിൽ മിൽമ ഭരണസമിതി ഭേദഗതി ബിൽ ജുലൈ 27 മുതൽ രാജ്ഭവൻ പരിഗണനയിലാണ്. സർവ്വകലാശാല ട്രൈബ്യൂണൽ ഭേദഗതി ബിൽ കഴിഞ്ഞ ഒക്ടോബർ മുതൽ ഒപ്പിടാതിരിക്കുന്നത്. രണ്ടും നിയമസഭ പാസ്സാക്കിയതാണ്.  ബില്ലിൽ ഒപ്പിട്ടില്ലെന്ന് കാണിച്ച് സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കുന്നതിനും പരിമിതിയുണ്ട്. ഒരുവശത്ത് സിപിഎം രാഷ്ട്രീയ സമ്മർദ്ദം തുടരുന്നതിനൊപ്പം മറുവശതം സർക്കാർ ഗവർണ്ണറെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇനി ശ്രമിക്കുമോ എന്നാണ് അറിയേണ്ടത്. എന്തായാലും സഭാ സമ്മേളനം തീരുന്നതോടെ ബില്ലിനെ ചൊല്ലിയാകും ഇനിയും അസാധാരണ പോര്.
 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും