ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്:ഹൈക്കോടതി ഇന്ന് പരിഗണിക്കും, കെടിയു വിധിക്കെതിരെ അപ്പീൽ നൽകാൻ ആലോചന

By Web TeamFirst Published Nov 30, 2022, 6:12 AM IST
Highlights

വൈസ് ചാൻസലർമാരുടെ പ്രാഥമിക പട്ടിക തയാറാക്കിയത് യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും, പലർക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് ഗവർണറുടെ നിലപാട്

 

തിരുവനന്തപുരം : ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സർവകലാശാലകളിലെ വൈസ്
ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസിമാരെ പുറത്താക്കാനാണ് ഗവർണറുടെ നീക്കമെന്നും, അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് വിസിമാരുടെ വാദം.വിസിമാരെ നിയമിച്ച ചാൻസലർ തന്നെ, നിയമനം തെറ്റായിരുന്നെന്ന് ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും വാദിക്കുന്നുണ്ട്.

വൈസ് ചാൻസലർമാരുടെ പ്രാഥമിക പട്ടിക തയാറാക്കിയത് യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും, പലർക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് ഗവർണറുടെ നിലപാട്. 

അതേസമയം സാങ്കേതിക സർവകലാശാല വിസി സിസ തോമസിന്റെ നിയമനത്തിന് എതിരായ ഹർജി തള്ളിയ ഹൈകോടതി സിംഗിൾ
ബെഞ്ച് വിധിക്ക് എതിരെ സർക്കാർ അപ്പീൽ നൽകും.ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് നീക്കം.എജി യുടെ നിയമോപദേശം തേടിയാകും അപ്പീൽ.സിംഗിൾ ബെഞ്ച് ഹർജി തള്ളിയതോടെ സിസ തോമസ് കെടിയു ആസ്ഥാനത്ത് കൂടുതൽ സജീവമായി പ്രവർത്തിക്കാനാണ് സാധ്യത. അതെ സമയം സിസയോടുള്ള എതിർപ്പും നിസഹകരണവും കെടിയു ഉദ്യോഗസ്ഥർ തുടർന്നാൽ സർവകലാശാലയിൽ വീണ്ടും പ്രതിസന്ധി രൂക്ഷമാകും

ഇതിനിടെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ
ഭാര്യ പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി ചർച്ച ചെയ്യും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യത വീണ്ടും പരിശോധിക്കാനാണ് സർവകലാശാലയുടെ തീരുമാനം. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനയായ ജോസഫ് സ്കറിയക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് വി.സി.
ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. 

കെടിയു കേസ് വിധി: ഗവർണറുമായുള്ള പോരിൽ സംസ്ഥാന സർക്കാരിന് നേരിട്ട നാലാമത്തെ തിരിച്ചടി

click me!