Asianet News MalayalamAsianet News Malayalam

കെടിയു കേസ് വിധി: ഗവർണറുമായുള്ള പോരിൽ സംസ്ഥാന സർക്കാരിന് നേരിട്ട നാലാമത്തെ തിരിച്ചടി

കെടിയു വിസിയെ പുറത്താക്കിയതിനെതിരായ കേസിൽ സുപ്രീം കോടതി വിധിയായിരുന്നു സർക്കാരിനേറ്റ ഒന്നാമത്തെ തിരിച്ചടി

KTU VC case fourth continuous setback for LDF in fight against Governor from court
Author
First Published Nov 29, 2022, 6:45 PM IST

തിരുവനന്തപുരം: കെടിയു കേസിൽ ഇന്ന് വിസി സ്ഥാനത്ത് സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ സംസ്ഥാന സർക്കാരിന് ഗവർണർക്കെതിരായ പോരിൽ മറ്റൊരു തിരിച്ചടി കൂടെ നേരിട്ടിരിക്കുകയാണ്. വിസിയായി നിയമിക്കപ്പെട്ടത് മുതൽ കെടിയു ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ നിസഹകരണവും വിദ്യാർത്ഥികളുടെ പ്രതിഷേധവും കൊണ്ട് സിസ തോമസിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഗവർണറോടുള്ള പോരിൽ സിസ തോമസിനെയാണ് സംസ്ഥാന സർക്കാർ ശത്രുപക്ഷത്ത് നിർത്തിയത്. ഇതോടെ കെടിയുവിൽ ആയിരക്കണക്കിന് വിദ്യർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം അടക്കം തടസപ്പെട്ടിരുന്നു.

വിസിയായി സർവകലാശാലയിൽ ഒപ്പിട്ട് ചാർജ്ജെടുക്കാൻ രജിസ്റ്റർ പോലും നൽകാതെയായിരുന്നു സിസ തോമസിനോടുള്ള കെടിയുവിലെ നിസ്സഹകരണവും പ്രതിഷേധവും. വെള്ളപ്പേപ്പറിൽ ഒപ്പിട്ട് രാജ്ഭവനെ ചുമതലയേറ്റ കാര്യം അറിയിച്ച സിസക്ക് ചുമതലയേറ്റ നവംബർ നാലാം തിയ്യതി മുതൽ ഒരു ദിവസവും പോലും സുഗമമായി പ്രവർത്തിക്കാനായില്ല. സർക്കാർ നോമിനികളെ വെട്ടി ഗവർണ്ണർ ചുമതല നൽകിയതിനാൽ എസ്എഫ്ഐ മുതൽ കെടിയുവിലെ ഉന്നത ഉദ്യോഗസ്ഥരും സർക്കാറും സിസെയ നിർത്തിയത് ശത്രുപക്ഷത്തായിരുന്നു.

വിസിക്ക് ഫയലുകൾ നൽകാതായതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ വിതരണം വരെ മുടങ്ങി. ചാൻസലർ താൽക്കാലികമായി ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന സർക്കാറിന്റെ കടുംപിടുത്തതിനാണ് ഹൈക്കോടതിയിൽ നിന്നുള്ള തിരിച്ചടി. കെടിയു വിസിയെ പുറത്താക്കിയതിനെതിരായ കേസിൽ സുപ്രീം കോടതി വിധിയായിരുന്നു സർക്കാരിനേറ്റ ഒന്നാമത്തെ തിരിച്ചടി. പിന്നെ കുഫോസ് വിസിയെ തെറിപ്പിച്ചതിൽ കോടതിയെ സമീപിച്ചപ്പോഴും നിരാശയായിരുന്നു ഫലം. അടുത്തിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെറെ നിയമന നീക്കത്തിനെതിരായ കോടതി ഉത്തരവ് മൂന്നാമത്തെ തിരിച്ചടിയായി. ഇപ്പോൾ കെടിയു വിസി നിയമന കേസിലും തിരിച്ചടിയായതോടെ തുടർച്ചയായ നാലാമതും ഗവർണർക്കെതിരായ പോരിൽ സർക്കാരിന് നിരാശയാണ്. ഗവർണ്ണറുമായുള്ള പോരിൽ നിരന്തരം സർക്കാർ കോടതികളിൽ തോൽക്കുന്ന സ്ഥിതിയാണ്. സർവ്വകലാശാല ചട്ടങ്ങളെക്കാൾ യുജിസി മാനദണ്ഡങ്ങൾ തന്നെയാണ് പ്രധാനമെന്ന ഗവർണ്ണറുടെ വാദമാണ് ഒരിക്കൽക്കൂടി അംഗീകരിക്കപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios