
ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ ഗുരുതരമാണെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. മാധ്യമങ്ങളിൽ വന്നത് ആരോപണങ്ങൾ മാത്രമല്ല, ഇൻകം ടാക്സിന്‍റെ കണ്ടെത്തലുകളാണ്. ഇത് ഗൗരവത്തോടെ തന്നെ കാണും. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുമോ എന്ന് പിന്നീട് തീരുമാനിക്കും. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് മുൻ ചീഫ് ജസ്റ്റിസ് മണികുമാറിന്‍റെ നിയമനത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം ആവശ്യമെങ്കിൽ നിയമോപദശം തേടുമെന്നും അദ്ദേഹം പറഞ്ഞു.
കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയ മാസപ്പടി വിവാദത്തിൽ വീണ വിജയനെ പൂർണ്ണമായും ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ രംഗത്ത് വന്നിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഒളിഞ്ഞും തെളിഞ്ഞും പ്രതിപക്ഷവും ബിജെപിയും മാസപ്പടി ചർച്ചയാക്കുന്നതിനിടെയാണ് നടന്നതെല്ലാം നിയമപരമെന്ന സിപിഎം ന്യായീകരണം. ഒരു സേവനവും നൽകാതെ വീണയുടെ കൺസൾട്ടൻസിക്ക് കരിമണൽ കമ്പനി പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്‍റരിം സെറ്റിൽമെന്‍റ് ബോർഡ് കണ്ടെത്തൽ. മുഖ്യമന്ത്രിയടക്കം മുൻനിര നേതാക്കൾ കരിമണൽ കമ്പനിയിൽ നിന്ന് 96 കോടി മാസപ്പടി കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി ആരോപണം കടുപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam