'ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കും',തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതിന്‍റെ വിധികര്‍ത്താവാകില്ല:ഗവര്‍ണര്‍

By Web TeamFirst Published Nov 13, 2022, 5:48 AM IST
Highlights

നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു.

ദില്ലി: ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്‍റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു. ഇന്നലെയാണ് ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിന് ഒടുവില്‍ പതിനാല് സർവ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓ‌ർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ വെട്ടാൻ ഓ‌ർ‍ഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.

ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓർഡിനൻസിൽ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ - അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതിയിൽ ധാരണയുണ്ടാക്കും. സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓ‌ർ‍ഡിനൻസിന്‍റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ്  ഓ‌ർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണര്‍ അയച്ചാൽ ബില്ലിൽ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ബില്ലിന്‍റെ കാര്യത്തിൽ പലതരത്തിലുള്ള നിയമോപദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്.

അതേസമയം ഗവർണറുമായുള്ള പോര് കടുപ്പിക്കാൻ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങുകയാണ് സർക്കാർ. അടുത്തമാസം ചേരുന്ന സഭാ സമ്മേളനം താത്കാലികമായി നിര്‍ത്തി ക്രിസ്‍തുമസ് അവധിക്ക് ശേഷം തുടങ്ങി ജനുവരി ആദ്യംവരെ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചന. പുതിയ വർഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. തലേവർഷം ആരംഭിച്ച സമ്മേളനം പുതിയ വർഷത്തിലും തുടർന്നാൽ ഇത് തത്കാലത്തേക്ക് ഒഴിവാക്കാം.

സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടി വെക്കാനാണ് ഈ പഴുത് ഉപയോഗിക്കുന്നത്. ഇതിന്‍റെ നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് തുടങ്ങി. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാസമ്മേളനം ചേരാനാണ് നീക്കം. സമ്മേളനം 15 ന് പിരിയാതെ താൽക്കാലികമായി നിര്‍ത്തിവെച്ച് ക്രിസ്‍തുമസിന് ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടരാനാണ് ആലോചന. ഇതോടെ നയപ്രഖ്യാപന പ്രംസഗത്തില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാരിന് തത്കാലത്തേക്ക് ഒഴിവാക്കാന്‍ കഴിയും. 

click me!