ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി, പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി

Published : Jan 08, 2021, 09:20 AM ISTUpdated : Jan 08, 2021, 09:25 AM IST
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി, പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി

Synopsis

കള്ളക്കടത്ത് രാജിവയ്ക്കൂ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം 

തിരുവനന്തപുരം: പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ തൻ്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന് ആരംഭിച്ചത്. രാവിലെ ഒൻപത് മണിയോടെ നിയമസഭയിൽ എത്തിയ ഗവർണറെ മുഖ്യന്ത്രിയും സ്പീക്കറും ചേർന്ന് ഡയസിലേക്ക് നയിച്ചു. 

ഗവർണർ നിയമസഭയിലേക്ക് പ്രവേശിപ്പിച്ചപ്പോൾ തന്നെ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റിരുന്നു. സർക്കാർ രാജി വെക്കണം, അഴിമതി ഭരണം തുലയട്ടെ, കള്ളക്കടത്ത് സർക്കാർ രാജിവയ്ക്കട്ടെ എന്നെല്ലാം പ്രതിപക്ഷം മുദ്രാവാക്യമായി വിളിച്ചു. 

ഗവർണർ പ്രസംഗം ആരംഭിക്കാനായി മൈക്കിന് അടുത്ത് എത്തിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തടസ്സവാദവുമായി എഴുന്നേറ്റു നിന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മൈക്ക് അതിനോടകം ഓഫാക്കിയിരുന്നു. 

ഗവർണർ പ്രസംഗം ആരംഭിച്ചപ്പോൾ മുതൽ പ്ലക്കാർഡും മുദ്രാവാക്യവുമായി പ്രതിപക്ഷവും ഒരു വശത്ത് നിലയുറപ്പിച്ചു. ബഹളം വച്ച് പ്രതിപക്ഷ അംഗങ്ങളോട് ശാന്തരാവാനും നയപ്രസംഗം വായിക്കുക എന്ന തൻ്റെ ഉത്തരവാദിത്തം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. 

ഭരണഘടനാപരമായ ചുമതലയാണ് ഞാൻ നിയമസഭയിൽ നിർവഹിക്കുന്നത്. ഗവർണർ തൻ്റെ ചുമതല സഭയിൽ നിർവഹിക്കുമ്പോൾ അതു തടസപ്പെടുത്താൻ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണ് - ബഹളം വച്ച പ്രതിപക്ഷത്തോടായി ഗവർണർ പറഞ്ഞു. 

എന്നാൽ മൂന്ന് തവണ ഗവർണർ പ്രസംഗത്തിനിടെ അഭ്യർത്ഥിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. പിന്നെ പ്രസംഗം തുടങ്ങി പത്ത് മിനിറ്റ് പൂർത്തിയാകും മുൻപ് നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിച്ച് അവർ നിയമസഭയിൽ നിന്നും പുറത്തേക്ക് പോയി. 

 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി