മാർക്കുദാന വിവാദത്തില്‍ ഗവര്‍ണറുടെ തെളിവെടുപ്പ് ജനുവരി ആദ്യം; നാളെ വിസിമാരുടെ യോഗം

By Web TeamFirst Published Dec 15, 2019, 11:56 AM IST
Highlights

അടിക്കടി തുടരുന്ന മാർക്ക് ദാനവിവാദങ്ങളിൽ പരസ്യമായ താക്കീത് നൽകിയതിന് പിന്നാലെയാണ് ചാൻസിലര്‍ കൂടിയായ ഗവർണ്ണർ വിസിമാരുടെ യോഗം വിളിച്ചത്. കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഗവർണ്ണ‍ർ കൂടുതൽ ഇടപെടൽ പ്രഖ്യാപിക്കും. 

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാലയിലെ മാർക്ക് ദാനത്തിൽ ഗവർണ്ണറുടെ തെളിവെടുപ്പ് ജനുവരി ആദ്യവാരം രാജ്ഭവനിൽ നടക്കും. ആദ്യഘട്ട തെളിവെടുപ്പിന് ശേഷമാകും ഉന്നതവിദ്യാഭ്യാസമന്ത്രിയിൽ നിന്നും വിശദീകരണം തേടുന്നതിൽ തീരുമാനമെടുക്കുക. നിലവിലെ വിവാദങ്ങളിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിസിമാരുടെ നാളത്തെ യോഗത്തിൽ ഗവർണ്ണർ മുന്നറിയിപ്പ് നൽകും. അടിക്കടി തുടരുന്ന മാർക്ക് ദാനവിവാദങ്ങളിൽ പരസ്യമായ താക്കീത് നൽകിയതിന് പിന്നാലെയാണ് ചാൻസിലര്‍ കൂടിയായ ഗവർണ്ണർ വിസിമാരുടെ യോഗം വിളിച്ചത്. കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഗവർണ്ണ‍ർ കൂടുതൽ ഇടപെടൽ പ്രഖ്യാപിക്കും. 

എംജി, കെടിയു, കണ്ണൂർ, കേരള അടക്കമുള്ള സർവ്വകലാശാലകളിലെ മാർക്ക് ദാന വിവാദത്തിൽ ഗവ‍ർണ്ണർക്ക് കടുത്ത അതൃപ്തിയുണ്ട്. പരീക്ഷ നടത്തിപ്പിലും നിയമനങ്ങളിലും പുനർമൂല്യ നിർണ്ണയങ്ങളിലുമെല്ലാം ഗവർണ്ണർക്ക് ഇതുവരെ കിട്ടിയത് നിരവധി പരാതികളാണ്. എംജിയിൽ മാർക്ക് ദാനം ചട്ടപ്രകാരമല്ലാതെ റദ്ദാക്കിയതിലും ഗവർണ്ണർ തുടർ നിലപാട് യോഗത്തിൽ പ്രഖ്യാപിച്ചേക്കും. സാങ്കേതിക സർവ്വകലാശാലയിൽ ചട്ടം ലംഘിച്ച് മൂന്നാം മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥിയെ ജയിപ്പിച്ച സംഭവത്തിൽ ഗവർണ്ണറുടെ ഹിയറിംഗ് ജനുവരി ആദ്യവാരമാണ്. 

മാർക്ക് ലഭിച്ച വിദ്യാർത്ഥി, പരാതി നൽകിയ സേവ് യൂണിവേഴിസ്റ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, കെ ടി യു വിസി എന്നിവരെയാണ് വിളിപ്പിക്കുന്നത്. നിലവിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയെ ഹിയറിംഗിലേക്ക് വിളിക്കുന്നില്ല. പക്ഷെ മൂന്നാം മൂല്യനിർണ്ണയത്തിന് നിർദ്ദേശിച്ച മന്ത്രിയുടെ ഇടപടെലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരാതിക്കാരൻ തെളിവെടുപ്പിൽ നൽകാനിടയുണ്ട്. അങ്ങിനെയെങ്കിൽ അടുത്ത ഘട്ടത്തിൽ മന്ത്രിയെ വിളിപ്പിക്കുകയോ വിശദീകരണം തേടുകയോ ചെയ്യും.


 

click me!