'ഗവർണർമാർ റബ്ബർ സ്റ്റാമ്പുകളല്ല'; മന്ത്രി പി രാജീവിനെ സാക്ഷിയാക്കി തമിഴ്നാട് ഗവര്‍ണറിന്‍റെ പ്രസംഗം

By Web TeamFirst Published Nov 15, 2022, 6:38 PM IST
Highlights

കേരള നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലടക്കം ഒപ്പിടാതെ നിൽക്കുന്ന ഗവർണർക്കെതിരെ രാജ്ഭവൻ മാർച്ച് നടത്തി ഇടത് സംഘടനകൾ  പ്രതിഷേധിച്ച ദിവസം തന്നെയാണ് തമിഴ്നാട് ഗവർണർ തിരുവനന്തപുരത്തെത്തി കേരള ഗവർണറുടെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചത്

തിരുവനന്തപുരം: ഗവർണർമാർ റബ്ബർ സ്റ്റാമ്പുകൾ അല്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. ലോകായുക്ത പോലുള്ള സംവിധാനങ്ങൾ ദുർബലപ്പെടുത്താൻ ഉള്ള നീക്കങ്ങൾ നടക്കുമ്പോൾ ഗവർണർമാർ ഇടപെടുമെന്നും ആർ എൻ രവി പറഞ്ഞു. നിയമ മന്ത്രി പി രാജീവിനെ അടക്കം സാക്ഷിയാക്കിയായിരുന്നു രവിയുടെ വാക്കുകള്‍. തിരുവനന്തപുരത്ത് കേരള ലോകായുക്ത ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവർണർ.

കേരള നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ലടക്കം ഒപ്പിടാതെ നിൽക്കുന്ന ഗവർണർക്കെതിരെ രാജ്ഭവൻ മാർച്ച് നടത്തി ഇടത് സംഘടനകൾ  പ്രതിഷേധിച്ച ദിവസം തന്നെയാണ് തമിഴ്നാട് ഗവർണർ തിരുവനന്തപുരത്തെത്തി കേരള ഗവർണറുടെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഡിഎംകെ നേതാവ് തിരുച്ചി ശിവ കേരളത്തിൽ എത്തി ഗവർണർക്കെതിരായ സമരത്തിന് ദേശീയമുഖം നൽകാൻ ശ്രമിക്കുമ്പോഴാണ് തമിഴ്നാട് സർക്കാർ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെടുന്ന ആർ എൻ രവിയെ കേരള ലോകായുക്ത ക്ഷണിച്ചു വരുത്തിയത്.

നിയമ മന്ത്രി പി രാജീവിനൊപ്പം വേദി പങ്കിട്ടാണ് തമിഴ്നാട് ഗവര്‍ണറുടെ വാക്കുകളെന്നതും എന്നുള്ളതും ശ്രദ്ധേയമാണ്. ലോകായുക്ത പോലുള്ള അഴിമതി നിരോധന സംവിധാനങ്ങൾ ഇല്ലാതാക്കാൻ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളവും ശ്രമിക്കുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് കണക്കുകൾ നിരത്തി സമർത്ഥിച്ചാണ് പി രാജീവ് മറുപടി നല്‍കിയത്. ലോകായുക്ത നിയമ ഭേദഗതിയേയും അദ്ദേഹം ന്യായീകരിച്ചു.

ലോകായുക്ത ദിനത്തിൽ കേരള ലോകായുക്ത സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായാണ് തമിഴ്നാട് ഗവർണർ ആർ എൻ രവി പങ്കെടുത്തത്. തമിഴ്‍നാട് ഗവർണറെ ചടങ്ങിലേക്ക് ക്ഷണിച്ചത് താനാണെന്നും ഇതുപോലൊരു വേദിയിൽ ഇരിക്കാൻ യോഗ്യനാണ് അദ്ദേഹമെന്നും കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 

ഗവര്‍ണര്‍ ആര്‍.എൻ രവിയുടെ വാക്കുകൾ - 

ഈ പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ എനിക്ക് പല കാരണങ്ങളുണ്ട്. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എന്‍റെ ദീര്‍ഘകാല സുഹൃത്താണ്. ലോകായുക്ത ദിനത്തിന്‍റെ പ്രാധാന്യമാണ് മറ്റൊരു കാരണം. മറ്റൊന്ന് കേരളത്തിൽ ഇങ്ങനെയൊരു പരിപാടിയിലേക്ക് ക്ഷണം ലഭിക്കുമ്പോൾ കേരള കേ‍ഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ എനിക്കത് നിരസിക്കാനാവില്ല. എല്ലാ കാര്യങ്ങളും തര്‍ക്കമാവുന്ന കാലമാണിത്. ഗവർണർ സ്ഥാനത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ഗവർണമാർ റബർ സ്റ്റാമ്പുകളാകരുത്. തീരുമാനങ്ങൾ എടുക്കാൻ ഗവർണർക്കാവും. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാൻ ഗവർണർ ഇടപെടും. 

ലോകായുക്താ പരിപാടിയിൽ മുഖ്യാതിഥിയായി തമിഴ്നാട് ഗവര്‍ണര്‍: വേദി പങ്കിട്ട് മന്ത്രി പി.രാജീവ്

click me!