തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരുമായി കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ആർ.എൻ.രവി കേരളത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയത്. 

തിരുവനന്തപുരം: ലോകായുക്ത ദിനത്തിൽ കേരള ലോകായുക്ത സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥി ആയി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. നിയമ മന്ത്രി പി രാജീവും ഗവർണർക്ക് ഒപ്പം വേദി പങ്കിട്ടു. തമിഴ്‍നാട് ഗവർണറെ ചടങ്ങിലേക്ക് ക്ഷണിച്ചത് താനാണെന്നും ഇതുപോലൊരു വേദിയിൽ ഇരിക്കാൻ യോഗ്യനാണ് അദ്ദേഹമെന്നും കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരുമായി കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനീടെയാണ് ആർ.എൻ.രവി കേരളത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയത്. 

പ്രതിപക്ഷ കക്ഷികൾ അധികാരത്തിലുള്ള തമിഴ്നാട്, കേരളം, തെലങ്കാന സംസ്ഥാനങ്ങളിൽ സര്‍ക്കാരും ഗവര്‍ണര്‍മാരും തമ്മിൽ ഏറ്റുമുട്ടൽ അതിശക്തമായി തുടരുന്നതിനിടെയാണ് കേരള ലോകായുക്തയുടെ അതിഥിയായി ആര്‍.എൻ രവി തലസ്ഥാനത്ത് എത്തിയത് എന്നതാണ് കൗതുകം. കേരളഗവര്‍ണര്‍ക്കെതിരെ ആയിരങ്ങളെ അണിനിരത്തി സിപിഎം ഇന്ന് രാജഭവന് മുന്നിൽ ഉപരോധസമരം നടത്തിയിരുന്നു. സമരത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പിന്തുണയുമായി ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ തിരുച്ചി ശിവയും എത്തിയിരുന്നു. 

ലോകായുക്തയെ ഇല്ലാതാക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കുകയാണെന്നും കേരളത്തിലും അഴിമതി നിരോധന നിയമങ്ങൾ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അഴിമതി കേസുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്നും അഴിമതി തടയാൻ സഹായകരമായി ലോകായുക്ത പോലുള്ള സംവിധാനങ്ങളുണ്ടെന്നും രാജീവ് പറഞ്ഞു.


ഗവര്‍ണര്‍ ആര്‍.എൻ രവിയുടെ വാക്കുകൾ - 

ഈ പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ എനിക്ക് പല കാരണങ്ങളുണ്ട്. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് എൻ്റെ ദീര്‍ഘകാല സുഹൃത്താണ്. ലോകായുക്ത ദിനത്തിൻ്റെ പ്രാധാന്യമാണ് മറ്റൊരു കാരണം. മറ്റൊന്ന് കേരളത്തിൽ ഇങ്ങനെയൊരു പരിപാടിയിലേക്ക് ക്ഷണം ലഭിക്കുമ്പോൾ കേരള കേ‍ഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ എനിക്കത് നിരസിക്കാനാവില്ല. എല്ലാ കാര്യങ്ങളും തര്‍ക്കമാവുന്ന കാലമാണിത്. ഗവർണർ സ്ഥാനത്തിനും അതിൻ്റേതായ പ്രാധാന്യമുണ്ട്. ഗവർണമാർ റബർ സ്റ്റാമ്പുകളാകരുത്. തീരുമാനങ്ങൾ എടുക്കൻ ഗവർണർക്കാവും. ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാൻ ഗവർണർ ഇടപെടും. 

കേരള ലോകായുക്ത സിറിയക് ജോസഫിൻ്റെ വാക്കുകൾ - 

തമിഴ്നാട് ഗവർണറെ ഈ ചടങ്ങിലേക്ക് വിളിച്ചത് താൻ തന്നെയാണ്. ഗവർണർ സ്ഥാനത്ത് നിന്ന് അല്ലെങ്കിലും ഇതുപോലൊരു വേദിയിൽ ഇരിക്കാൻ ആർ.എൻ.രവി യോഗ്യനാണ്. മന്ത്രി അല്ലെങ്കിലും ഇത്തരം യോഗങ്ങളിൽ പങ്കെടുക്കാൻ യോഗ്യനാണ് പി.രാജീവും. യോഗ്യത നോക്കി തന്നെയാണ് നേതാക്കളെ ഈ പരിപാടിക്ക് ക്ഷണിച്ചത്. നിയമസഭ പാസാക്കിയ ഭേദഗതി ബില്ലിനെ കുറിച്ച് താൻ ഒന്നും പറയുന്നില്ല. 

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിൻ്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി തുടങ്ങി എൽഡിഎഫ് നേതാക്കൾ എല്ലാം മാർച്ചിൽ അണിനിരന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. അതേസമയം പ്രക്ഷോഭം നടക്കുമ്പോൾ ഗവർണർ രാജ്ഭവനിൽ ഉണ്ടായിരുന്നില്ല.