
കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്.
ഇയാളെ ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടി.
ഇന്ന് രാവിലെ 9 മണിക്ക് ഗോവിന്ദചാമിയെ കണ്ടെന്ന് ദൃക്സാക്ഷി പോലീസിനെ വിവരം അറിയിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു. ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു.
മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായത്. ഇതോടെ കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് ചോദ്യങ്ങൾ നീളുന്നത്. പക്ഷെ പ്രതിയെ വേഗത്തിൽ പിടികൂടാനായത് സർക്കാരിനും ആഭ്യന്തര വകുപ്പിനും വലിയ ആശ്വാസമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam