
തിരുവനന്തപുരം: പണമില്ലാതെ പാടുപെട്ട സ്റ്റുഡന്‍റസ് പൊലീസിന് ഒടുവിൽ പത്തു കോടി സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാര്‍ പണം നൽകാത്തതിനാൽ അധ്യാപകരും വിദ്യാര്‍ഥികളും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കേണ്ടി വന്നതിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് പിന്നാലെയാണ് പത്തു കോടി അനുവദിച്ചത്. പണമില്ലാതെ കുട്ടി പൊലീസെന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയാണ് ഫലം കണ്ടത്. അധ്യാപകരുടെ ഓണറേറിയത്തിന് അടക്കമാണ് പത്തു കോടി അനുവദിച്ചത്.
യൂണിഫോം, ഭക്ഷണം, അധ്യാപകർക്കുള്ള ഓണറേറിയം എന്നിവയ്ക്ക് 26 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും പത്തു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത് അതുപോലും നൽകാതായതോടെയാണ് രാജ്യത്തിന് മുന്നിൽ സംസ്ഥാനം സമർപ്പിച്ച അഭിമാന പദ്ധതി പ്രതിസന്ധിയിലായത്. അധ്യാപകരും പിടിഎകളും മാനേജ്മെന്‍റും വിദ്യാര്‍ഥികളും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയതോടെയാണ് ഈ അധ്യയന വര്‍ഷം ഇതുവരെ കുട്ടിപ്പൊലീസ് പിടിച്ചു നിന്നത്.
പക്ഷേ അധ്യാപകര്‍ കടക്കാരായി. ക്യാംപുകൾ നടന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് പിന്നാലെ പണം അനുവദിക്കണെന്ന് ധനകാര്യ വകുപ്പിനോട് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ഇടപെട്ടു. 8 കോടി സംസ്ഥാന സർക്കാർ വിഹിതവും രണ്ടു കോടി കേന്ദ്രസർക്കാർ സഹായവും എസ്.പി.സി ഡയറേക്ടറേറ്റിന് കൈമാറി.
പക്ഷേ പരിശീലകരായ അധ്യാപകരുടെ ഓണറേറിയം 750 ൽ നിന്ന് 500 ആയി കുറച്ചു. ഇങ്ങനെ കുറച്ച തുക യൂണിഫോം, ഭക്ഷണം എന്നിവയ്ക്കായി മാറ്റും. കടം തീര്‍ക്കാൻ തികയില്ലെങ്കിലും വൈകിയെങ്കിലും സര്‍ക്കാര്‍ പണം അനുവദിച്ചതിന്‍റെ ആശ്വാസത്തിലാണ് അധ്യാപകര്‍. സിഎസ്ആര്‍ ഫണ്ടടക്കം ഉപയോഗിച്ച് എസ്പിസി വിപുലമാക്കണമെന്ന നിര്‍ദ്ദേശം അടക്കം അടുത്ത മാസം 12 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.