Vegetable Price : തമിഴ്നാട്ടിലെ കർഷകരിൽ നിന്നും പച്ചക്കറി ശേഖരിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല

By Asianet MalayalamFirst Published Dec 12, 2021, 2:18 PM IST
Highlights

തെങ്കാശിയിലെ കർഷകരിൽനിന്ന്  നേരിട്ട് പച്ചക്കറി സംഭരിക്കുക. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞനിരക്കിൽ പച്ചക്കറി കേരളത്തിൽ വിൽക്കുക

തെങ്കാശി/തിരുവനന്തപുരം: പച്ചക്കറി വില നിയന്ത്രിക്കാൻ തമിഴ്നാട്ടിലെ കർഷകരിൽ (Tamilnadu Farmers) നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുമെന്ന കൃഷി മന്ത്രിയുടെ (Minister of agriculture) പ്രഖ്യാപനവും നടപ്പായില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തെങ്കാശിയിൽ (Thenkasi) നേരിട്ടെത്തി കർഷകരുമായി ചർച്ച നടത്തി പത്തു ദിവസം കഴിഞ്ഞെങ്കിലും സംഭരണം ഇനിയും തുടങ്ങാനായിട്ടില്ല. സർക്കാരും കർഷകരും തമ്മിലുള്ള ധാരണ പത്രത്തിന്റെ കാര്യത്തിൽ പോലും ആശയക്കുഴപ്പം തുടരുകയാണ്.

തെങ്കാശിയിലെ കർഷകരിൽനിന്ന്  നേരിട്ട് പച്ചക്കറി സംഭരിക്കുക. ഇടനിലക്കാരെ ഒഴിവാക്കി കുറഞ്ഞനിരക്കിൽ പച്ചക്കറി കേരളത്തിൽ വിൽക്കുക. ഇതായിരുന്നു സർക്കാരിൻറെ ആശയം. ഹോർട്ടി കോർപ്പ് എംഡിയുടെ നേതൃത്വത്തിൽ ഡിസംബർ 2 ന് തെങ്കാശിയിൽ എത്തിയ കേരളത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്നാട് കൃഷി വകുപ്പുമായും ആറായിരത്തോളം കർഷകരെ ഉൾക്കൊള്ളുന്ന കർഷക കൂട്ടായ്മകളുമായും ചർച്ച നടത്തി. മാർക്കറ്റ് വിലയ്ക്ക് പച്ചക്കറി നൽകാമെന്ന് കർഷകർ സമ്മതിച്ചതുമാണ്. ഡിസംബർ 8 ന് ധാരണ പത്രം ഒപ്പിട്ട് തൊട്ടടുത്ത ദിവസം മുതൽ പച്ചക്കറി സംഭരിക്കുമെന്ന ധാരണയിൽ ഉദ്യോഗസ്ഥർ പിരിഞ്ഞു.

ഇന്ന് തീയതി ഡിസംബർ 12. പക്ഷേ സർക്കാരും തെങ്കാശിയിലെ കർഷകരും തമ്മിലുള്ള ധാരണ പത്രം ഇനിയും തയാറായിട്ടില്ല. ഇന്നലെ ധാരണ പത്രം കേരളം തമിഴ്നാട് സർക്കാരിന് കൈമാറി. ഇത് ഒപ്പിട്ട് സംഭരണം തുടങ്ങാൻ ഇനിയും താമസമുണ്ടെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്.എന്നുവച്ചാൽ ഒരാഴ്ച കൂടിയെങ്കിലും പച്ചക്കറി വില ഉയർന്നു തന്നെ നിൽക്കുമെന്ന് ചുരുക്കം.

കേരളത്തിലേക്കുള്ള പച്ചക്കറി വ്യാപാരം നിയന്ത്രിച്ചിരുന്ന ഇടനിലക്കാരുടെ ഇടപെടലാണ് ധാരണ പത്രത്തിന്റെ കാര്യത്തിലെ ആശയക്കുഴപ്പത്തിനു പിന്നിലെന്നും സൂചനയുണ്ട്. പക്ഷേ ചർച്ചയ്ക്ക് നേതൃത്വം നൽകിയ കേരളത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. സർക്കാർ പ്രഖ്യാപിച്ച ഇടപെടൽ കടലാസിൽ തന്നെ കിടക്കുമ്പോൾ ഇനി രണ്ട് പോംവഴികൾ മാത്രമാണ് ഇന്ന് മലയാളിക്ക് മുന്നിലുള്ളത്. ഒന്ന് ഉയർന്ന വിലയ്ക്ക് പച്ചക്കറികൾ വാങ്ങി കഴിക്കുക. അല്ലെങ്കിൽ വില കുറയുന്നതു വരെ പച്ചക്കറി കഴിക്കുന്നില്ലെന്ന് തീരുമാനിക്കുക.

click me!