കയ്യേറ്റ ഭൂമിയില്‍ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയും

By Web TeamFirst Published Aug 1, 2020, 9:22 AM IST
Highlights

നിര്‍മ്മാണപ്രവ‍ര്‍ത്തനങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമുള്ള ഏഷ്യാനെറ്റ് ന്യൂസ് വാ‍‍ർത്ത വന്നതോടെ സംഭവം അന്വേഷിക്കാൻ തഹസിൽദാരെ ജില്ലാ കളക്ട‍ര്‍ എച്ച് ദിനേശൻ ചുമതലപ്പെടുത്തി.

ഇടുക്കി: ഇടുക്കി വാഗമണ്ണിൽ കയ്യേറ്റ ഭൂമിയിലെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള നി‍ര്‍മ്മാണപ്രവര്‍ത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയും. പണിയൊന്നും നടക്കുന്നില്ലെന്ന കയ്യേറ്റക്കാരെ സഹായിക്കുന്ന റിപ്പോര്‍ട്ട് വാഗമണ്‍ വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്കാണ് നൽകിയത്. നിര്‍മ്മാണപ്രവ‍ര്‍ത്തനങ്ങൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമുള്ള ഏഷ്യാനെറ്റ് ന്യൂസ് വാ‍‍ർത്ത വന്നതോടെ സംഭവം അന്വേഷിക്കാൻ തഹസിൽദാരെ ജില്ലാ കളക്ട‍ര്‍ എച്ച് ദിനേശൻ ചുമതലപ്പെടുത്തി.

സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നി‍ര്‍മ്മാണം നടക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സംഭവമന്വേഷിക്കാൻ ജില്ലാ കളക്ട‍ര്‍ വാഗമണ് വില്ലേജ് ഓഫീസറോട് പറഞ്ഞത്. എന്നാൽ, ശരിയായ പരിശോധന നടത്താതെ കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് വില്ലേജ് ഓഫീസര്‍ സ്വീകരിച്ചത്.

വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് സംശയനിഴലിലായതോടെ തഹസിൽദാരോട് സ്ഥലത്ത് നേരിട്ട് എത്തി അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാനാണ് കളക്ടറുടെ നിര്‍ദ്ദേശം. വാഗമണ്ണിൽ കയ്യേറ്റം കണ്ടെത്തിയ സർക്കാർ ഭൂമിയിൽ ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മൊ കാറ്റില്‍പ്പറത്തി പല റിസോർട്ടുകളുകളുടെയും പണി പൂർത്തിയാക്കി പുതിയവ പണിയാനും തുടങ്ങിയെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.

വാഗമണ്‍ റാണിമുടി എസ്റ്റേറ്റുടമ ജോളി സ്റ്റീഫൻ 55 ഏക്കർ സർക്കാർ ഭൂമി കയ്യേറിയ വാർത്ത കഴിഞ്ഞ സെപ്റ്റംബറിലാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്. ജില്ലാ കളക്ടറുടെ അന്വേഷണത്തിൽ ഇക്കാര്യം ശരിവയ്ക്കുകയും കുറ്റക്കാർക്കെതിരായ നടപടി തുടങ്ങുകയും ചെയ്തു. കയ്യേറ്റ ഭൂമിക്കായി ഉണ്ടാക്കിയ എട്ട് വ്യാജ പട്ടയങ്ങൾ ജില്ലാ കളക്ടർ റദ്ദാക്കിയിരുന്നു.

ശേഷിക്കുന്ന 14 പട്ടയങ്ങയങ്ങൾ റദ്ദാക്കുന്നതിന്റെ ഭാഗമായി റിസോർട്ടുടമകൾക്ക് നോട്ടീസ് അയച്ചു. ഇതിന്റെയെല്ലാം ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ അടക്കമുള്ളവർ കൊവിഡ് തിരക്കുകളിലായതിന്റെ മറവിലാണ് റിസോർട്ടുകാർ പണിപൂർത്തിയാക്കിയത്. 

click me!