വേണ്ട യോഗ്യതയില്ലാത്തവരെ ഹൈസ്‌കൂളുകളിൽ ഫിസിക്കൽ സയൻസ് അധ്യാപകരായി നിയമിക്കുന്നു

By Web TeamFirst Published Aug 1, 2020, 9:09 AM IST
Highlights

ഹൈസ്കൂളുകളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകര്‍ ഫിസിക്സിന് ഉപവിഷയമായി കെമിസ്ട്രിയും കെമിസ്ട്രിക്ക് ഉപവിഷയമായി ഫിസിക്സും പഠിച്ചവരാണ്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകര്‍ ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കണം എന്നതാണ് ഇതിനാധാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ മതിയായ യോഗ്യതയില്ലാത്തവരെ ഫിസിക്കല്‍ സയന്‍സ് അധ്യാപകരായി നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതോടെ സംസ്ഥാനത്തെ നിരവധി സ്കൂളുകളില്‍ ആര്‍ക്കും നിയമനം നല്‍കാനാവാതെ അധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കേസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ആണെങ്കിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ല.

ഹൈസ്കൂളുകളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകര്‍ ഫിസിക്സിന് ഉപവിഷയമായി കെമിസ്ട്രിയും കെമിസ്ട്രിക്ക് ഉപവിഷയമായി ഫിസിക്സും പഠിച്ചവരാണ്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകര്‍ ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കണം എന്നതാണ് ഇതിനാധാരം. സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ ഫിസിക്കല്‍ സയന്‍സ് പഠിപ്പിക്കാന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലട്രോണിക്സ്, സ്റ്റാറ്റിക്സ് എന്നിവ ഉപവിഷയങ്ങളായി എടുത്ത് പഠിച്ചവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. 2018 ആഗസ്തില്‍ നടന്ന പരീക്ഷയില്‍ മതിയായ യോഗ്യതയുള്ളവര്‍ക്കൊപ്പം മറ്റ് വിഷയങ്ങള്‍ ഉപവിഷയമായെടുത്ത് പഠിച്ചവരും പരീക്ഷ എഴുതി. കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളിലേക്കുള്ള അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ് സി പുറത്തിറക്കി. അപ്പോഴേക്ക് മറ്റ് വിഷയങ്ങള്‍ ഉപവിഷയമായി പഠിച്ചവര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. 

ഇതിനിടയില്‍ സര്‍ക്കാര്‍ എസ് സി ഇ ആര്‍ടി യുടെ നിര്‍ദേശ പ്രകാരം ഫിസിക്സോ കെമിസ്ട്രിയോ പഠിച്ചവര്‍ക്ക് മാത്രമേ ഹൈസ്കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകരാവാന്‍ യോഗ്യതയുള്ളൂ എന്ന് 2019 ജൂണ്‍ ആറിന് ഉത്തരവിറക്കി. ഇവര്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചതോടെ ഉപവിഷയങ്ങള്‍ വെവ്വേറെ ആയാലും അധ്യാപകരാവാം എന്ന് ഉത്തരവ് മാറ്റിയിറക്കി. 

click me!