
തിരുവനന്തപുരം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ സിപിഐ നിലപാടിന് വിരുദ്ധമായി സാംസ്കാരികമന്ത്രി എ കെ ബാലന്‍ നിലപാടെടുത്തതിനോട് പ്രതികരിച്ച് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. സിപിഐയുടെ നിലപാടാണ് സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതെന്നും സര്‍ക്കാര്‍ നിലപാടാണ് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് അവാര്‍ഡ് പുനഃപരിശോധിക്കുമെന്നാണ് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ സബ്മിഷന് മറുപടചി നല്‍കിയത്. അവാർഡ് നൽകിയത് പുനഃ പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടപ്പോള്‍ പ്രകോപനമരമാണ് അവാർഡ് കിട്ടിയ കാർട്ടൂണെന്നും മത ചിഹ്നങ്ങളെ അപമാനിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും എ കെ ബാലന്‍ മറുപടി നല്‍കി. പ്രതിപക്ഷ നേതാവിന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ബാലൻ പറഞ്ഞു. വിവാദത്തില്‍ ഒരേ നിലപാടാണ് സര്‍ക്കാരും പ്രതിപക്ഷവുമെടുത്തത്.
എന്നാല്‍ കഴിഞ്ഞ ദിവസം കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാറിന്‍റെ നിലപാടിനെ സിപിഐ വിമർശിച്ചിരുന്നു. ലളിത കല അക്കാദമി സ്വതന്ത്ര സ്ഥാപനമാണെന്നായിരുന്നു കാനത്തിന്‍റെ നിലപാട്. ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് ശേഷം അത് തിരിച്ചെടുക്കുമോ എന്നും കാനം ചോദിച്ചിരുന്നു.
കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ പ്രസിദ്ധീകരിച്ച കാര്‍ട്ടൂൺ മത ചിഹ്നങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ആക്ഷേപം. സുഭാഷ് കെ കെ വരച്ച കാർട്ടൂണാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഏറ്റുവാങ്ങിയത്.
സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും സാസ്കാരിക മന്ത്രി എകെ ബാലൻ നേരത്തേ പറഞ്ഞിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി എ കെ ബാലൻ നേരത്തേ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam