
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന പരാതിയില്‍ അറസ്റ്റ് ആവശ്യപ്പെട്ട് നടത്തുന്ന സമരം 12 ാം ദിവസത്തിലേക്ക് കടക്കുയാണ്. ബിഷപ്പിന്‍റെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചിയിലെ സമരപന്തൽ. അതിനിടെ, ബിഷപ്പിനെതിരെ പ്രതിഷേധം നടത്തുന്നവർക്ക് ഐക്യദാഢ്യവുമായി ഐജി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ജോയ് മാത്യൂ, സി.ആർ. നീലകണ്ഠൻ തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. നീതി കിട്ടും വരെ സമരം ചെയ്യുമെന്ന് കന്യാസ്ത്രീകള്‍. പൊലീസ് പ്രകടനം ബാരിക്കേഡ് വെച്ച് തടഞ്ഞു. സമരത്തിന് പിന്തുണയുമായെത്തിയ നടൻ ജോയ് മാത്യു സഭയെ സംസ്ഥാന സർക്കാരിന് ഭയമാണെന്ന് പരിഹസിച്ചു.
സമരപ്പന്തലില്‍ പരാതിക്കാരിയായ കന്യാസ്‌ത്രീയുടെ സഹോദരിയുടെ നിരാഹാരം മൂന്നാം ദിവസവും തുടരുകയാണ്. ആദ്യദിനം മുതല്‍ നിരാഹാരമിരുന്ന സ്‌റ്റീഫന്‍ മാത്യു ആശുപത്രിയിലും നിരാഹാരം തുടരുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തക പി. ഗീതയ്‌ക്കൊപ്പം ഇന്നലെ മുതല്‍ എ.ഐ.സി.സി അംഗം പ്രഫ. ഹരിപ്രിയയും നിരാഹാരം ആരംഭിച്ചു. ബിഷപ്പ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകുന്നത് കണക്കിലെടുത്ത് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും സമരം തുടങ്ങുമെന്നും പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചിരുന്നു.
മുന്‍മന്ത്രി ഷിബു ബേബി ജോണ്‍, ആര്‍.എസ്.പി സംസ്‌ഥാന സെക്രട്ടറി എ.എ. അസീസ്, ഗായകനും നടനുമായ കൃഷ്‌ണചന്ദ്രന്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, തെലുങ്കാനയില്‍നിന്നു മീര സംഘമിത്ര, പോളച്ചന്‍ മൂക്കന്നൂര്‍, സുമതിക്കുട്ടിയമ്മ, സ്വാമി ശൂന്യം, സി.എം.ഐ. വൈദികനായ ഫാ. മാത്യു വടക്കേടത്ത് തുടങ്ങിയവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി. ഡമോക്രാറ്റിക് ക്രിസ്‌ത്യന്‍ ഫോറം, സ്‌ത്രീശാക്‌തീകരണ സംഘടന, പ്രട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് ദേശീയസംഘം തുടങ്ങിയ സംഘടനകളും പിന്തുണയുമായി എത്തി.
അതേസമയം, കന്യാസ്ത്രീയുടെ പരാതിയില്‍ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യല്‍. നേരത്തെ അറിയിച്ചത് പ്രകാരം കൃത്യം 11 മണിയോടെ ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരായി. മാധ്യമങ്ങള്‍ക്കും കൂടി നിന്ന ജനങ്ങള്‍ക്കും മുഖം കൊടുക്കാതെയാണ് ബിഷപ്പ് എത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യലിന്‍റെ ആദ്യ ഘട്ടമായി ബിഷപ്പിന്‍റെ മൊഴിയെടുക്കുന്നത്. ആദ്യം ബിഷപ്പിന് പറയാനുള്ളത് കേള്‍ക്കും. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കാന്‍ പൊലീസ് നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ചോദിക്കും. ഈ സമയം ബിഷപ്പിന്‍റെ മുഖഭാവമടക്കമുള്ളവ കാമറയില്‍ പകര്‍ത്തും. ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഐജിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ടത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിനായി എത്തുക. തുടര്‍ന്നും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ മൂന്നാം ഘട്ടത്തില്‍ രണ്ടാം ഘട്ടത്തിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ തുടരും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam