മരട്: പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അപാകതകളുണ്ടെന്ന് ഹരിത ട്രിബ്യൂണല്‍

By Web TeamFirst Published Jan 18, 2020, 3:22 PM IST
Highlights

പൊടിശല്യം കുറയ്ക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. ഇതു സംബന്ധിച്ച  വിശദമായ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും.

കൊച്ചി: മരടില്‍ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അപാകതകളുണ്ടെന്ന് ഹരിത ട്രിബ്യൂണല്‍. പൊടിശല്യം കുറയ്ക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. ഇതു സംബന്ധിച്ച  വിശദമായ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും.

എഴുപതിനായിരം ടണ്ണിലേറെ വരുന്ന കോണ്‍ക്രീറ്റും കമ്പികളും വേർതിരിക്കുന്ന ജോലികള്‍ മാത്രമാണ് മരടില്‍ ഇപ്പോള്‍ നടക്കുന്നത്. ഇത് വിലയിരുത്താനാണ് ഹരിത ട്രിബ്യൂണലും മലിനീകരണ നിയന്ത്രണ ബോർഡും അടക്കമുള്ള സംഘം മരടിലെത്തിയത്.

ചട്ടപ്രകാരമാണ് അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പ് വരുത്താൻ സിസിടിവികള്‍ സ്ഥാപിക്കണമെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ഈ മാസം 24ന് നടക്കുന്ന യോഗത്തിന് ശേഷം വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ മെല്ലെപ്പോക്കുണ്ടായാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ദിവസം സ്വന്തം വീടുകളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഫ്ലാറ്റുകള്‍ക്ക് സമീപം താമസിച്ചിരുന്നവർ.

click me!