കൂടത്തായി ചാനൽ പരമ്പര കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്: മന്ത്രി ജി സുധാകരൻ

By Web TeamFirst Published Jan 18, 2020, 3:04 PM IST
Highlights

കൂടത്തായി സീരിയല്‍ കൊലപാതങ്ങൾക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി.

ആലപ്പുഴ: കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കിയുള്ള ചാനൽ പരിപാടി കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കുന്നതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ആലപ്പുഴയിൽ മംഗളം സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ പ്രതികരണം. 

ഒരു ടെലിവിഷൻ ചാനലിൽ കൂടത്തായി കേസിനെ കുറിച്ചുള്ള സീരിയൽ കാണാനിടയായി. അത് കൊലപാതങ്ങൾക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 

കേരളത്തെ ഇളക്കിമറിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായിയില്‍ അരങ്ങേറിയത്. ഒരു കുടുംബത്തിലെ നിരവധിയാളുകളെ കൊന്നൊടുക്കിയ സത്യാവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയായിരുന്നു. സംഭവത്തെ ആസ്പദമാക്കി സിനിമകളും സീരിയലുകളും  പ്രഖ്യാപിച്ചിരിക്കുകയണിപ്പോള്‍. കേസുകളും ചില വിവാദങ്ങളും പിന്നാലെയുണ്ടെങ്കിലും കൂടത്തായി എന്ന പേരില്‍ മലയാളത്തില്‍ പരമ്പര ആരംഭിച്ചു. 

ഗിരീഷ് കോന്നിയാണ് കൂടത്തായി പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീകണ്ഠന്‍ നായരുടെ തിരക്കഥയിലാണ് പരമ്പര ചൊവ്വാഴ്ചമുതല്‍ എത്തുന്നത്.  പരമ്പരയില്‍ മുഖ്യകഥാപാത്രമായ ജോളിയെ അവതരിപ്പിക്കുന്നത് സിനിമാ താരം മുക്തയാണ്.

click me!