
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്‍റെ മരണത്തില്‍ പെണ്‍സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഗ്രീഷ്മ കൃത്യം നടത്തിയത്. കടയില്‍ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ ഷാരോണിന് നല്‍കിയത്. ഗ്രീഷ്മ കഷായം വീട്ടിലുണ്ടാക്കി. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ചു. പിന്നീട് നേരത്തെ വീട്ടിലുണ്ടായിരുന്ന കീടനാശിനി ഉപയോഗിച്ചു. ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ആന്തരികാവയവങ്ങള്‍ക്ക് കേടുണ്ടാക്കാന്‍ സാധിക്കുന്ന രാസവസ്തുവാണിത്.
കഷായത്തിന് ശേഷം ഷാരോണിന് ഗ്രീഷ്മ ജ്യൂസും നല്‍കിയെന്നും പൊലീസ് വിശദീകരിക്കുന്നു. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം ജാതകദോഷം കാരണം പറഞ്ഞ് ഷാരോണിനെ ഉപേക്ഷിക്കാന്‍ ഗ്രീഷ്മ നോക്കിയിരുന്നു. എന്നാല്‍ ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ മുന്‍ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നതായി എഡിജിപി പറഞ്ഞു. 26,27 തിയതികളില്‍ ഗ്രീഷ്മയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ കേസില്‍ ബാഹ്യഇടപെടല്‍ ഉണ്ടായതായി തെളിവില്ലെന്നും മാതാപിതാക്കളെ പ്രതിയാക്കാന്‍ നിലവില്‍ തെളിവുകളില്ലെന്നും എഡിജിപി പറഞ്ഞു.
എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം 14 നാണ് റെക്കോഡ് ബുക്ക് തിരിച്ചുവാങ്ങാൻ സുഹൃത്തിനൊപ്പം യുവതിയുടെ വീട്ടിൽ ഷാരോൺ പോയത്. എന്നാല്‍ ഇവിടെ നിന്നും ശാരീരികാസ്വസ്ഥതകളോടെയാണ് ഷാരോണ്‍ തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായാണ് മരണം. യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആദ്യമേ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam