
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട ദുരൂഹതയ്ക്കൊടുവിൽ ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത് പൊലീസ് നടത്തിയ എട്ട് മണിക്കൂർ ചോദ്യം ചെയ്യലിലാണ്. സംശയമുന ആദ്യം മുതലെ നീണ്ട ഗ്രീഷ്മയെന്ന കൂട്ടുകാരിയെകൊണ്ട് എട്ടു മണിക്കൂറിൽ സത്യം പറയിക്കുകയായിരുന്നു പൊലീസ്. ഷാരോൺ ജീവിച്ചിരുന്നപ്പോൾ ഗ്രീഷ്മ പറഞ്ഞ നുണകൾ എണ്ണിയെണ്ണിചോദിച്ചും ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ വഴി തിരിവായത്. ഗ്രീഷ്മ പ്രധാനമായും പറഞ്ഞ 9 നുണകളും എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ഇതിനൊപ്പം തെളിവുകൾ കൂടി നിരത്തിയതോടെ ഗ്രീഷ്മ സത്യം പറയാൻ നിർബന്ധിതയാകുകയായിരുന്നു.
ഗ്രീഷ്മ പറഞ്ഞ നുണകൾ
* ഈ മാസം പതിനാലാം തിയതിയാണ് ഷാരോണിന്‍റെ പഠനസംബന്ധമായ പ്രോജക്ട് റിപ്പോര്‍ട്ട് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. പാനീയം കുടിച്ച ശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോൺ പറയുമ്പോൾ കഷായത്തിന്‍റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
* ഛര്‍ദ്ദിച്ചതിന്‍റെ കാരണം ജ്യൂസ് പഴകിയതായതിനാൽ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
* അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നൽകിയെന്നും അയാളും ഛര്‍ദ്ദിച്ചെന്നും ഗ്രീഷ്മ പറഞ്ഞു. എന്നാൽ കാരക്കോണം സ്വദശിയായ പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് പറഞ്ഞതോടെ കള്ളം പൊളിഞ്ഞു.
* ഏതെങ്കിലും തരത്തിൽ വീട്ടുകാർ ഉപദ്രവിക്കുമോയെന്ന ചോദ്യമുയർന്നപ്പോൾ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്,
ഷാരോണുമായുള്ള ബന്ധം വിട്ടെന്നാണ് വീട്ടുകാര്‍ കരുതുന്നതെന്നും അതുകൊണ്ട് വീട്ടുകാർ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്.
* ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോൾ ഗ്രീഷ്മ ഉത്തരം നൽകിയില്ല. ആയൂർവേദ ഡോക്ടർ കൂടിയായ ഷാരോണിന്‍റെ സഹോദരൻ കഷായത്തെക്കുറിച്ച് പലതവണ ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.
* എന്ത് കഷായമാണെന്നതിൽ ഗ്രീഷ്മ ഒരു ഘട്ടത്തിലും വ്യക്തമായ ഒരു ഉത്തരവും പറഞ്ഞില്ല. കഷായ കുപ്പിയുടെ അടപ്പിൽ അതിന്‍റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോൾ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും ആക്രിക്ക് കൊടുത്തെന്നും അമ്മ ഗ്ലാസിൽ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് കൊടുത്തത് എന്നൊക്കെയായിരുന്നു ഗ്രീഷ്മയുടെ മറുപടി.
ഷാരോണിന്‍റെ മരണത്തിന് ശേഷം ഗ്രീഷ്മ പറഞ്ഞ കള്ളങ്ങളും കേസിൽ വഴിത്തിരിവായി
* ഷാരോൺ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നൽകിയതെന്നായിരുന്നു മരണ ശേഷം ഗ്രീഷ്മ പറഞ്ഞത്. ഷാരോണാണ് തന്നോട് സഹായം ചോദിച്ചതെന്നും പറഞ്ഞു.
* ഷാരോണിനെ അപായപ്പെടുത്താൻ ഉള്ള എന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് സുഹൃത്തായ റെജിന്‍ കൂടെയുണ്ടായിരുന്നില്ലേ, റെജിൻ കൂടെയുള്ളവർ താന്‍ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു മറുപടി.
* പുത്തന്‍കട ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ നടുവേദനയ്ക്ക് കഷായം കുറിച്ച് നൽകിയെന്നും ഗ്രീഷ്മ പറഞ്ഞു. ഡോക്ടര്‍ ഇത് നിഷേധിച്ചതും കേസിൽ വഴിത്തിരിവായി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam