'തുടർചർച്ചാ സാധ്യതകൾ നിഷേധിക്കുന്നില്ല', അനുരഞ്ജന സാധ്യത തള്ളാതെ എവി ഗോപിനാഥ്, കോൺഗ്രസ് പോർവിളികൾ തുടരുന്നു

By Web TeamFirst Published Aug 31, 2021, 7:27 AM IST
Highlights

ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പതിറ്റാണ്ടുകളായി പാലക്കാട്ടെ കോൺഗ്രസിന്റെ പ്രമുഖ നേതാവായ എ.വി.​ഗോപിനാഥ് പാർട്ടി വിടുകയാണെന്ന് അറിയിച്ചത്

തിരുവനന്തപുരം: അനുരഞ്ജന സാധ്യത തള്ളാതെ കോൺഗ്രസിൽ നിന്നും രാജിവെച്ച എവി ഗോപിനാഥ്. തുടർചർച്ചയ്ക്കുള്ള സാധ്യതകൾ നിഷേധിക്കുന്നില്ലെന്നും കോൺഗ്രസിനെതിരായ പ്രചാരണത്തിന് താനില്ലെന്നും ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ''കോണ്‍ഗ്രസിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത നിഷേധിക്കുന്നില്ല. നെഹ്റുകുടുംബം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍''. കരുണാകരന്‍റ ആത്മാവ് നീയെന്താണ് കോണ്‍ഗ്രസ് വിട്ടതെന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നുമായിരുന്നു ഗോപിനാഥിന്റെ പ്രതികരണം. 

ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പതിറ്റാണ്ടുകളായി പാലക്കാട്ടെ കോൺഗ്രസിന്റെ പ്രമുഖ നേതാവായ എ.വി.​ഗോപിനാഥ് പാർട്ടി വിടുകയാണെന്ന് അറിയിച്ചത്. പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്. പിന്നാലെ ഗോപിനാഥിന്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഎമ്മും രംഗത്തെത്തിയിരുന്നു. 

അതേ സമയം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ട് വീഴ്ചയില്ലാതെ പോരിനിറങ്ങിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ പ്രശ്ന പരിഹാരം നീളുകയാണ്. അച്ചടക്ക നടപടികള്‍ ഏക പക്ഷീയമാണെന്ന് എ, ഐ ഗ്രൂപ്പുകള്‍ പരാതിപ്പെട്ടു. അതിനിടെ
നാടാർ സമുദായത്തെ ഡി സി സി പ്രസിഡന്റ് ആക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കെപിസിസി ഓഫീസിന് മുമ്പിൽ കരിങ്കൊടിയും ഫ്ലക്സ് ബോർഡും ഉയർന്നു. 

അതിനിടെ  കെ സി വേണുഗോപാലിനെതിരെ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയ പിഎസ് പ്രശാന്തിനെ സസ്പെന്‍റ് ചെയ്തു. ശിവദാസൻ നായര്‍ക്കും കെപി അനില്‍കുമാറനും കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.  ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും വിമര്‍ശിച്ച രാജ്മോഹൻ ഉണ്ണിത്താനെതിരെ നടപടിയില്ലാത്തത് ഗ്രൂപ്പ് നേതാക്കളെ  ചൊടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ പിഎസ് പ്രശാന്ത് ഇന്ന് മാധ്യമങ്ങളെ കാണും. പ്രശാന്ത് പാര്‍ട്ടി വിടാനാണ് സാധ്യത. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!