ആരാകും അടുത്ത പൊലീസ് മേധാവി? സുധീഷ് കുമാറിനും തച്ചങ്കരിക്കുമായി ചേരിപ്പോര്

By Web TeamFirst Published Apr 25, 2021, 7:18 AM IST
Highlights

മകള്‍ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തെ തുടർന്ന് പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽപ്പെട്ട സുധേഷ് കുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള കരുക്കളാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ നീക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം ശേഷിക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍. സാധ്യതയിൽ മുൻപന്തിയിലുള്ള ടോമിൻ തച്ചങ്കരി, സുധേഷ് കുമാർ എന്നിവർ‍ക്കു വേണ്ടിയാണ് ശ്രമങ്ങൾ. രണ്ട് ഉദ്യോഗസ്ഥരുടെയും പേരിലുള്ള കേസുകൾ അവസാനിപ്പിക്കാനും കുത്തിപ്പൊക്കാനും ചേരികൾ രംഗത്തുണ്ട്.

ജൂണ്‍ 30നാണ് ലോക്നാഥ് ബെഹ്റ വിമരിക്കുന്നത്. സിബിഐ ഡയറക്ടറുടെ പരിഗണന പട്ടിയിലുള്ള ബെഹ്റക്ക് നറുക്കുവീണാൽ അടുത്തമാസം കേരളം വിടും. സംസ്ഥാനം കേന്ദ്ര സർക്കാരിന് കൈമാറുന്ന പട്ടികയിൽ നിന്നാണ് പുതിയ ഡിജിപിയാകാനുള്ളവരെ കേന്ദ്രം നിർദ്ദേശിക്കുന്നത്. ഇതിൽ നിന്നും ഒരാളെ സംസ്ഥാനത്തിന് തീരുമാനിക്കാം. 1989 ബാച്ചുവരെയുള്ള ഉദ്യോഗസ്ഥരുടെ പേര് കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം 10 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മുൻഗണനയുള്ളത് ഡിജിപിമാരായ ടോമിൻ തച്ചങ്കരിക്കും വിജലൻസ് ഡയറക്ടർ സുധേഷ് കുമാറും.

മകള്‍ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തെ തുടർന്ന് പൊലീസിലെ ദാസ്യപ്പണി വിവാദത്തിൽപ്പെട്ട സുധേഷ് കുമാറിനെ പൊലീസ് മേധാവിയാക്കാനുള്ള കരുക്കളാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ നീക്കുന്നത്. പൊലീസ് ഡ്രൈവർ മർദ്ദിച്ചതിന് സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ നടക്കുന്ന ക്രൈം ബ്രാഞ്ച് കേസ് വേഗത്തിൽ തീ‍പ്പാക്കാനാണ് പൊലീസ് ആസ്ഥാനത്തെ നീക്കങ്ങള്‍. സുധേഷ് കുമാറിന്റെ മകള്‍ക്കെതിരെ കുറ്റപത്രം നൽകാനായി രണ്ടു വർഷം മുമ്പ് ക്രൈം ബ്രാഞ്ചിന് നിയമോപദേശം ലഭിച്ചുവെങ്കിലും ഇതേവരെ കുറ്റപത്രം നൽകിയില്ല. ഈ കേസ് എഴുതി തള്ളാൻ പൊലീസ് ആസ്ഥാനത്ത് നീക്കങ്ങള്‍ ആരംഭിച്ചു.

ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ പുനരന്വേഷണം വിജിലൻസ് നടത്തുകയാണ്. തുടരന്വേഷണത്തിൽ ആദ്യ അന്വേഷണത്തിലെ കണ്ടത്തലുകള്‍ തെറ്റെന്ന നിഗമനത്തിലാണ് ഇപ്പോൾ വിജിലൻസ് എത്തിയത്. എന്നാൽ കേന്ദ്രസർക്കാരിൽ നിന്നും അനുമതി വരുന്നതുവരെ വിജിലൻസ് റിപ്പോർട്ട് കോടതിയിലെത്തിക്കാതിരിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കമെന്നാണ് തച്ചങ്കരി അനുകൂലികൾ പറയുന്നത്. ഇരുചേരിയും തമ്മിലെ പടലപ്പിണക്കം നീളുകയാണെങ്കിൽ ഡിജിപി തസ്തികയിലേക്ക് പിന്നെ സമവായമെന്ന നിലക്ക് ബി സന്ധ്യയെ പുതിയ സർക്കാർ പരിഗണിക്കാനും ഇടയുണ്ട്.

click me!