'ആര്‍ച്ച് ബിഷപ്പ് സ്ഥാനം ആരുടെയും കുടുംബ സ്വത്തല്ല, പദവി മാത്രം'; കർദ്ദിനാളിനെതിരെ വിമത വൈദീകര്‍

By Web TeamFirst Published Jul 2, 2019, 2:26 PM IST
Highlights

ഭൂമിവില്പനയിലെ വീഴ്ചകൾ അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണം,  തർക്ക വിഷയങ്ങളിൽ തീരുമാനം ഉണ്ടാകുംവരെ അജപാലന ചുമതല നിർവഹിക്കാൻ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പോലീത്തയെ നിയമിക്കണമെന്നും വൈദീകര്‍ ആവശ്യപ്പെട്ടു 

കൊച്ചി: ഭൂമിവില്പനയെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുംമുൻപേ കർദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി രൂപതയുടെ ചുമതല എൽപിച്ചതിലും, സഹായമെത്രാൻമാരെ നീക്കിയതിലും അതൃപ്തി പരസ്യമാക്കി ഒരു വിഭാഗം വൈദീകര്‍ രംഗത്ത്. ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കമാണ് മറ നീക്കി പുറത്തുവരുന്നത്.

അതിരൂപതയ്ക്ക് മാത്രമായി പുതിയ ബിഷപ്പിനെ വേണമെന്ന് വിമത വൈദീകര്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടു. കാനോനിക നിയമം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ലംഘിച്ചെന്നും രൂക്ഷമായ വിമർശനമാണ് വിമത വൈദീകര്‍ ഉയര്‍ത്തുന്നത്. 251 വൈദികരാണ് കൊച്ചിയിലെ പ്രാർത്ഥന സംഗമത്തിൽ പങ്കെടുത്തത്. നടപടികൾ തിരുത്താൻ ആവശ്യപ്പെട്ട് സിറോ മലബാർ സഭാ സ്ഥിരം സിനഡിന് ഉടൻ കത്തുനല്കും. ഭൂമിവില്പനയിലെ വീഴ്ചകൾ അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണമെന്നും  വൈദീകര്‍ ആവശ്യപ്പെട്ടു.

തർക്കവിഷയങ്ങളിൽ തീരുമാനം ഉണ്ടാകുംവരെ അജപാലന ചുമതല നിർവഹിക്കാൻ സ്വതന്ത്ര ചുമതലയുള്ള മെത്രാപ്പോലീത്തയെ നിയമിക്കണമെന്നും എറണാകുളം അങ്കമാലി രൂപത വൈദിക നേതൃത്വം ആവശ്യപ്പെട്ടു. അതിരൂപത ഭരണകേന്ദ്രം അധര്‍മികളുടെ കൂടാരമായിരിക്കുകയാണ്. മെത്രാന്മാരെയോ വൈദികരെയോ കേസില്‍ കുടുക്കിയാല്‍ തെരുവിലിറങ്ങുമെന്നും വിമത വൈദീകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഭൂമി വിൽപന നടത്തുമ്പോൾ സിനഡിൽ ആലോചിച്ചില്ല. നിയമം പാലിച്ചെങ്കിൽ ഇപ്പോഴത്തെ കേസുണ്ടാകില്ലായിരുന്നു. തങ്ങളുടെ കടമയാണ് ഇപ്പോൾ ചെയ്യുന്നത്. സത്യത്തിനായി ഒരുമിച്ചു കൂടണമെന്നത് വത്തിക്കാൻ പ്രമാണമാണെന്നും വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വിശദീകരണവും ഇല്ലാതെയാണ് സഹായമെത്രാൻമാരെ ഇറക്കി വിട്ടത്. സഹായമെത്രാന്മാരെ മാറ്റിയത് ആലഞ്ചേരിയുടെ പ്രതികാര നടപടിയാണെന്നാണ് വിമത വൈദികര്‍ ആരോപിക്കുന്നത്. മെത്രാൻമാരുടെ തെറ്റെന്തെന്ന് കാനോനിക സമിതിയിൽ പറയണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. 

click me!