കൂടുതൽ വ്യാപാരികളെ ജി എസ് ടി പരിധിയിലേക്ക് കൊണ്ടുവരും, ചരക്ക് സേവന നികുതി വകുപ്പിന്റെ ജി.എസ്.ടി രജിസ്‌ട്രേഷൻ ഡ്രൈവ് തുടങ്ങി

Published : Nov 04, 2025, 10:53 AM IST
gst registration

Synopsis

40 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള, ചരക്കുകൾ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികളും, ബിസിനസ്സിൽ സേവനം കൂടി ഉൾപ്പെടുന്നുണ്ടെങ്കിൽ 20 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകാരും നിയമപ്രകാരം നിർബന്ധമായും ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കണം.

തിരുവനന്തപുരം : സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ‘ജി.എസ്.ടി രജിസ്‌ട്രേഷൻ ഡ്രൈവ്’ എല്ലാ ജില്ലകളിലും ആരംഭിച്ചു. കൂടുതൽ വ്യാപാരികളെ ജി.എസ്.ടി സംവിധാനത്തിൻറെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനും, ജി.എസ്.ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് വർദ്ധിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റ് 2025-2026 ൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.

40 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള, ചരക്കുകൾ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികളും, ബിസിനസ്സിൽ സേവനം കൂടി ഉൾപ്പെടുന്നുണ്ടെങ്കിൽ 20 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകാരും നിയമപ്രകാരം നിർബന്ധമായും ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. ഇത് കൂടാതെ ചരക്ക് സേവന നികുതി നിയമം സെക്ഷൻ 24ൽ പരാമർശിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഉൾപ്പെടുന്ന വ്യാപാരികൾ വിറ്റ് വരവ് പരിധി കണക്കാക്കാതെ തന്നെ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. രജിസ്‌ട്രേഷൻ എടുക്കുന്നത് മൂലം വ്യാപാരത്തിന് നിയമപരമായ അംഗീകാരം ലഭിക്കുന്നതോടൊപ്പം, ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിനുള്ള അർഹതയും, വിപണിയിൽ വളർച്ചയ്ക്കുള്ള വലിയ അവസരങ്ങളും, മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു.

രജിസ്‌ട്രേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫീൽഡ് സർവേയ്ക്കായി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ട് സന്ദർശനം നടത്തും. രജിസ്‌ട്രേഷനെടുത്ത് വ്യാപാരം നടത്തുന്നതിനുള്ള ആവശ്യകതയെക്കുറിച്ച് വ്യാപാരികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും, രജിസ്‌ട്രേഷൻ നടപടികൾ വിശദീകരിക്കുന്നതിനുമാണ് ഈ പ്രത്യേക സംഘം വ്യാപാരികളെ സന്ദർശിക്കുന്നത്.

പൂർണ്ണമായും ഓൺലൈൻ സംവിധാനമാണ് ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കുവാനായി ഏർപ്പെടുത്തിയിരിക്കുന്നത്. www.gst.gov.in എന്ന വെബ് സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷനാവശ്യമായ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകളുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും, പ്രസ്തുത അപേക്ഷയിൽ ആധാർ ഓതെന്റിക്കേഷൻ ഓപ്റ്റ് ചെയ്ത് ആയത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്താൽ സമയബന്ധിതമായി ജി.എസ്.ടി. രജിസ്‌ട്രേഷൻ ലഭ്യമാകും. ജി.എസ്.ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ഉണ്ടാകുന്ന സംശയ നിവാരണത്തിനായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹെല്പ് ഡെസ്‌കുകൾ സജ്ജീകരിച്ചിട്ടുണ്ട്. വ്യാപാരികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.  

 

 

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം