എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാർ കയറ്റി ഇറക്കാൻ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.
പത്തനംതിട്ട: പത്തനംതിട്ടയിൽ എക്സൈസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുകൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാൻ, ആസിഫ് എന്നിവരാണ് പിടിയിലായത്. കഞ്ചാവുമായി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ ശ്രീ ആനന്ദ് എന്ന ഉദ്യോഗസ്ഥനെ കാർ ഇടിച്ചു വീഴ്ത്തിയത്. ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാർ കയറ്റി ഇറക്കാൻ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.
അപകടമുണ്ടാക്കിയതിന് ശേഷം കുമ്പഴ ഭാഗത്ത് നിന്ന് പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പ്രധാന പ്രതിയായ നസീബ് സുലൈമാൻ കാറുമായിട്ടാണ് രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പരിശോധന നടത്തിയ പൊലീസ് ഇയാളുടെ വീടിന്‍റെ ഭാഗത്ത് നിന്ന് തന്നെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇയാള്‍ മലയോര മേഖലയിലേക്ക് കടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സ്ക്വാഡ് അന്വേഷണം നടത്തി പിടികൂടുകയായിരുന്നു. ഒരാളെ ടൌണിന് സമീപത്ത് നിന്നാണ് പിടിച്ചത്. രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടത്തി. നിരവധി കേസുകളി പ്രതിയായ നസീബ് നഗരത്തിലെ ലഹരിക്കടത്തിലെ പ്രധാനിയാണ്.
കഞ്ചാവ് വിൽപന സംബന്ധിച്ച് രഹസ്യവിവരത്തെ തുടർന്നാണ് ഇന്നലെ രാത്രി എക്സൈസ് സ്ക്വാഡ് കുമ്പഴ ഭാഗത്ത് എത്തിയത്. കാറിൽ എത്തിയ പ്രതികൾ മറ്റൊരു സംഘത്തിന് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥർ ചാടിവീണു. പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോൾ ആസിഫ് ഓടിരക്ഷപ്പെട്ടു. കാറിനുള്ളിൽ കയറി ഡോർ ലോക്ക് ചെയ്ത നസീബ് വാഹനം വേഗം മുന്നോട്ട് എടുത്തുപോയി. തടയാൻ ശ്രമിച്ച സിവിൽ എക്സൈസ് ഓഫീസർ ശ്രീആനന്ദിനെ ഇടിച്ചവീഴ്ത്തുകയായിരുന്നു.



