
തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ്. സംഭവത്തിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജനും മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുക്കുക. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്. ഇതുകൂടാതെ കൈവിലങ്ങണിയിക്കാതെ പ്രതിയെ പുറത്തുവിട്ടു. ഇതെല്ലാം പൊലീസിന്‍റെ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. അതേസമയം, രക്ഷപ്പെട്ട ബാലമുരുകനെ കണ്ടെത്താൻ കേരള പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇതിനിടെ, ബാലമുരുകന്‍റെ കുറ്റകൃത്യത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തമിഴ്നാട്ടിലെ കവർച്ച കേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. പിന്നീട് മറയൂർ പൊലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരിൽ എത്തിക്കുന്നത്. ഇതിനിടെയാണ് തമിഴ്നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയത്. തിരിച്ചുകൊണ്ടുവരുന്നതിനിടെയാണിപ്പോള്‍ രക്ഷപ്പെട്ടത്.
ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് ഒരു മണിക്കൂർ തമിഴ്നാട് പൊലീസ് ഒളിച്ചുവച്ചു. ഇന്നലെ രാത്രി 9. 40ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു . എന്നാൽ, 10.40നാണ് വിയ്യൂര്‍ പൊലീസിനെ വിവരം അറിയിക്കുന്നത്. തമിഴ്നാട് പൊലീസ് നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല. ബാലമുരുകനെ വിലങ്ങണിയിച്ചിരുന്നില്ല. സമീപത്തെ ലോഡ്ജുകളിൽ തമിഴ്നാട് പൊലീസ് ആദ്യം തെരഞ്ഞു. ഇതിനുശേഷമാണ് കേരള പൊലീസിൽ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മേയിൽ തമിഴ്നാട് പൊലീസ് വാഹനത്തിൽ നിന്ന് സമാനമായി രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താൻ തൃശൂരിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ് പൊലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് നിര്‍ദേശം. ബൈക്കിൽ താക്കോൽ അടക്കം വെക്കരുതെന്നും നിര്‍ദേശമുണ്ട്.
ബാലമുരുകനെക്കുറിച്ച് വിവരം ലഭിക്കന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് വിയ്യൂര്‍ എസ്എച്ച്ഒ അറിയിച്ചു. തമിഴ്നാട് തെങ്കാശി ജില്ലയിലെ കിളിയാനി ഗ്രാമത്തിലെ അമ്മൻ കോവിൽ സ്ട്രീറ്റിൽ താമസിക്കുന്ന ബാലമുരുകന് 44 വയസുണ്ട്. രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടുമാണ് വേഷം. രക്ഷപ്പെട്ട ബാലമുരുകൻ വീട്ടിലെത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. വിവരം ലഭിക്കന്നവര്‍ അറിയിക്കേണ്ട നമ്പര്‍: 9497947202 (വിയ്യൂര്‍ എസ്എച്ച്ഒ)
ഇന്ന് പുലർച്ചെ മൂന്നുമണിക്ക് തിരച്ചിൽ നടത്തിയ പൊലീസിന്‍റെ കൺമുമ്പിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. വിയ്യൂര്‍ ഹൗസിങ് കോളനി വഴിയാണ് പ്രതി രക്ഷപ്പെട്ടത്. തലനാരിഴക്കാണ് പ്രതി പൊലീസിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് പരിസരത്തെ വീടുകളിലും കിണറുകളിലും മറ്റും തിരച്ചിൽ നടത്തുന്നുണ്ട്. സമീപത്തെ ഹൗസിംഗ് കോളനികളിലും പരിശോധന നടത്തുന്നുണ്ട്.